ബില്‍ബാവോ (സ്‌പെയിന്‍): ഫൈനല്‍ മാസ്‌റ്റേഴ്‌സ് ചെസിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ ലോക ചാംപ്യന്‍ വിശ്വനാഥന്‍ ആന്ദിന് വീണ്ടും സമനില. മുന്‍ ലോക ചാംപ്യന്‍ യുക്രെയ്‌ന്റെ വാസിലി ഇവാന്‍ചുക്കുമായാണ് ആനന്ദ് സമനില പാലിച്ചത്. ആനന്ദിന്റെ തുടര്‍ച്ചയായ മൂന്നാം സമനിലയാണിത്. രണ്ടു മല്‍സരം കൂടി ബാക്കി നില്‍ക്കെ ഒന്‍പതു പോയിന്റോടെ ആനന്ദിപ്പോള്‍ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള വാസിലി ഇവാന്‍ചുക്കിന് ഇതോടെ 14 പോയിന്റായി.

ബ്രസീലിലെ സാവോ പോളോയില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ആനന്ദിനെ ഇവാന്‍ചുക് തോല്‍പ്പിച്ചിരുന്നു. ലോക ഒന്നാം നമ്പര്‍ നോര്‍വേയുടെ മാഗ്നസ് കാള്‍സണ്‍ സ്‌പെയിനിന്റെ വിയ്യേജോ പോണ്‍സിനെയും, യുഎസ്സിന്റെ ഹിരാകു നക്കാമുറ അര്‍മേനിയയുടെ ലെവോണ്‍ അരോണിയനെയും തോല്‍പ്പിച്ചു. ജയത്തോടെ ഇരുവരും 11 പോയിന്റുമായി രണ്ടാം സ്ഥാനത്തേയ്ക്കു കയറി. അരോണിയന്‍ അഞ്ചാമതും പോണ്‍സ് ആറാമതുമാണ്.