ബില്‍ബാവോ: ബില്‍ബാവോ മാസ്‌റ്റേഴ്‌സ് ചെസ്സ് ടൂര്‍ണ്ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ നോര്‍വ്വെയുടെ മാഗ്നസ് കാള്‍സനുമായി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന് രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സമനില. നേരത്തെ ബ്രസീലിലെ സാവോപോളയില്‍ നടന്ന ആദ്യഘട്ട മത്സരത്തില്‍ പരസ്പരം ഏറ്റ് മുട്ടിയപ്പോഴും ഇരുവരും സമനിലയില്‍ പിരിയുകയായിരുന്നു.

വെളുത്ത കരുക്കളുടെ ആനുകൂല്യം ലഭിച്ചെങ്കിലും ആ ആനുകൂല്യം ഫലപ്രദമായി ഉപയോഗപെടുത്താന്‍ കാള്‍സനായില്ല. കാള്‍സനെതിരെ നിപ്‌സൊ ഇന്ത്യന്‍ പ്രതിരോധം തീര്‍ത്ത ആനന്ദ് 48 നീക്കങ്ങള്‍ക്ക് ശേഷം കളി സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു.

മറ്റ് മത്സരങ്ങളില്‍ അമേരിക്കയുടെ നക്കാമുറെക്കെതിരെ ഉക്രൈനിന്റെ മുന്‍ ലോകചാമ്പ്യന്‍ വാസ്‌ലി ഇവാന്‍ചുക്ക് വിജയിച്ചപ്പോള്‍ ലോക മുന്നാം നമ്പറായ അര്‍മേനിയയുടെ ലിവോണ്‍ അരോണിയനും സ്‌പെയ്‌നിന്റെ ഫ്രാന്‍സിസ്‌കൊ വല്ലേജെയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. നാല് റൗണ്ട് മത്സരം ബാക്കി നില്‍ക്കെ പതിമൂന്ന് പോയന്റുമായി ഉെ്രെകനിന്റെ മുന്‍ ലോകചാമ്പ്യന്‍ വാസ്‌ലി ഇവാന്‍ചുക്കാണ് ഒന്നാം സ്ഥാനത്ത്.

നാല് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഒരെണ്ണം തോല്‍ക്കുകയും ഒരെണ്ണം സമനിലയിലവസാനിക്കുകയും ചെയ്തു. ആനന്ദിനും നകാമുറക്കും അരോണിനും കാള്‍സനും ഏഴ് പോയന്റുമായി രണ്ടാം സ്ഥാനത്താണ്. നാല് പോയന്റുമായി വല്ലേജൊ ഏറ്റവും പിറകിലാണ്.

ലോകചെസ്സിലെ ആറ് മുന്‍നിര താരങ്ങളാണ് സാവൊപോളോയില്‍ കഴിഞ്ഞ ആഴ്ച തുടക്കമായ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. അഞ്ചുവട്ടം വീതമുള്ള രണ്ട് ഘട്ടങ്ങളിലായാണ് ടൂര്‍ണമെന്റ്. ഫുട്‌ബോളിലുള്ള പോയന്റ് സമ്പ്രദായമാണ് ടൂര്‍ണമെന്റിന്റെ പ്രത്യേകത. വിജയത്തിന് മൂന്നു പോയന്റ് ലഭിക്കുമ്പോള്‍ സമനിലയ്ക്ക് ഒരു പോയന്റ് മാത്രമേ കിട്ടൂ. കഴിഞ്ഞ തവണ ആനന്ദ് റഷ്യയുടെ ക്രാനിക്കിനു പിന്നില്‍ രണ്ടാംസ്ഥാനത്തായിരുന്നു.