ബില്‍ബാവോ: സ്‌പെയിനില്‍ നടക്കുന്ന ഫൈനല്‍ മാസ്‌റ്റേഴ്‌സ് ചെസ് ടൂര്‍ണമെന്റില്‍ നോര്‍വെയുടെ ലോക ഒന്നാംമ്പര്‍ താരം മാഗ്നസ് കാള്‍സണ്‍ ജേതാവായി. ലീഗ് റൗണ്ടില്‍ കാള്‍സനും മുന്‍ലോക ചാംപ്യന്‍ വാസിലി ഇവാന്‍ചുക്കും ഒപ്പത്തിനൊപ്പമായതിനേത്തുടര്‍ന്നു നടന്ന ബ്ലിറ്റ്‌സ് ഫൈനലില്‍ കാള്‍സന്‍ ജയിച്ചു (1.5 – .5). അവസാന റൗണ്ടുകളിലേറ്റ അപ്രതിക്ഷിത തോല്‍വികളെ തുടര്‍ന്ന്, ടൂര്‍ണമെന്റില്‍ ഇത് വരെ ഒറ്റക്ക് മുന്നിട്ട് നിന്നിരുന്ന ഇവാന്‍ ചുക്കിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു.

അവസാന റൗണ്ടില്‍ സ്‌പെയിനിന്റെ ഫ്രാന്‍സിസ്‌കോ വിയ്യേജോ പോണ്‍സിനെ തോല്‍പ്പിച്ച ഇന്ത്യയുടെ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് മൂന്നാം സ്ഥാനത്തെത്തി. ഇന്നലെ ഒരു റൗണ്ട് മാത്രം അവശേഷിക്കെ പോയിന്റ് നിലയില്‍ ഏറ്റവും പിന്നിലായിരുന്നു ആനന്ദ്. യുഎസ് താരം ഹിരാക്കു നക്കാമുറ, അര്‍മീനയയുടെ ലെവോണ്‍ അരോണിയന്‍ എന്നിവരും ആനന്ദിനൊപ്പം മൂന്നാം സ്ഥാനത്തുണ്ട്. വിയ്യേജോ പോണ്‍സ് അവസാന സ്ഥാനത്തായി.