തിരുവനന്തപുരം: എം.എല്‍.എയും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റുമായ എ.എന്‍ ഷംസീറിന്റെ മകനെ പൊതുവിദ്യാലയത്തില്‍ ചേര്‍ക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ്.

മക്കളെ പൊതുവിദ്യാലയങ്ങളില് പഠിപ്പിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് സ്‌കൂള്‍ കലണ്ടര്‍ പുറത്തിറക്കിയ ഷംസീര്‍ സ്വന്തം മകനെ സ്വകാര്യ സ്‌കൂളിലയച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഡി.വൈ.എഫ്.ഐ ഇടപെടല്‍.

ഇക്കാര്യത്തില്‍ ഷംസീറിന് പിശകുപറ്റിയെന്നു പറഞ്ഞ സ്വരാജ് പിശകാണെന്നു മനസിലായപ്പോള്‍ അത് തിരുത്തുകയാണെന്നും പറഞ്ഞു. ഷംസീറിന്റെ മകനെ പ്ലേസ്‌കൂളില്‍ അയച്ചിരുന്നു. പിന്നീട് കിന്റര്‍ഗാര്‍ട്ടനിലും ഒന്നാം ക്ലാസിലും അവിടെ തന്നെ തുടരുകയായിരുന്നു. ഇത് അപരാധമല്ലെന്നും സ്വരാജ് വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.


Don’t Miss: കടല്‍നിരപ്പ് ഉയരുന്നു: 37 പെട്രോളിയം കമ്പനികള്‍ക്കെതിരെ പരാതിയുമായി പുതുവൈപ്പിനിലെപ്പോലെ ‘ശാസ്ത്രമറിയാത്ത’ കാലിഫോര്‍ണിയ തീരവാസികള്‍


മാധ്യമങ്ങള്‍ തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഷംസീര്‍ പറഞ്ഞു.

ഷംസീറിന്റെ മകന്‍ ഇഷാന്‍ കണ്ണൂര്‍ ചിന്മയ വിദ്യാലയത്തിലാണു പഠിക്കുന്നത്.

‘എല്ലാരും സ്‌കൂളിനോടൊപ്പം’ പദ്ധതിയുടെ ഭാഗമായാണ് എ.എന്‍ ഷംസീര്‍ വിദ്യാലയങ്ങള്‍ക്കായി 2017-18ലെ അക്കാദമിക് കലണ്ടര്‍ തയ്യാറാക്കി നല്‍കിയത്. നമ്മുടെ കുട്ടികള്‍ പൊതുവിദ്യാലയത്തിലേക്ക് എന്ന് എം.എല്‍.എ ആഹ്വാനം ചെയ്യുന്ന കലണ്ടറില്‍ എം.എല്‍.എയുടെ ചിത്രവുമുണ്ടായിരുന്നു.