കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരായ പൊലീസ് അതിക്രമം സ്വാഭാവികമാണെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എ. ഡി.ജി.പി ആസ്ഥാനത്ത്് സമരം നടത്തിയ ഒരു നിശ്ചിത പരിധിയിലെത്തിയാല്‍ പൊലീസ് അത് തടയുമെന്നും ഇത് സ്വാഭാവികമാണെന്നുമാണ് ഷംസീര്‍ പറഞ്ഞത്. മാതൃഭൂമി ചാനലിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പൊലീസ് നടപടിയെക്കുറിച്ചു ചോദിച്ച ചാനല്‍ അവതാരകയോട് വളരെ രോഷത്തോടെയായിരുന്നു ഷംസീര്‍ എം.എല്‍.എയുടെ പ്രതികരണം.

തുടക്കത്തില്‍ ‘അരിയെത്ര പയറഞ്ഞായി’ എന്ന രീതിയിലായിരുന്നു മറുപടി. പൊലീസ് അതിക്രമത്തെക്കുറിച്ചുള്ള ചോദ്യത്തിന് സ്വശ്രയ കോളജുകളില്‍ ചൂഷണം പ്രോത്സാഹിപ്പിച്ചത് കോണ്‍ഗ്രസ് സര്‍ക്കാറാണെന്നായിരുന്നു ഷംസീറിന്റെ പ്രതികരണം.


Must Read: ഡി.ജി.പി ആസ്ഥാനത്ത് പൊലീസ് അതിക്രമം: ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് റോഡില്‍ വലിച്ചിഴച്ചു


അക്കാര്യം പിന്നീടു ചര്‍ച്ച ചെയ്യാമെന്നും നിലവില്‍ നടക്കുന്ന സംഭവത്തെക്കുറിച്ചുള്ള പ്രതികരണമാണ് ആരാഞ്ഞതെന്നും അവതാരക ചോദിച്ചപ്പോള്‍ ‘നിങ്ങള്‍ക്കുവേണ്ട ഉത്തരം മാത്രം പറയാനല്ല ഞാനിവിടെ വന്നിരിക്കുന്നത്.’ എന്നായിരുന്നു ഷംസീറിന്റെ പ്രതികരണം.

അവതാരക വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ‘ ഡി.ജി.പി ആസ്ഥാനത്തേക്ക് സമരം ചെയ്താല്‍ ഒരു നിശ്ചിത പരിധി കഴിഞ്ഞാല്‍ അവര്‍ സമരം തടയും. എസ്.പി ഓഫീസിലേക്കു സമരം ചെയ്താല്‍ അവര്‍ സമരം തടയും. അത് സ്വഭാവികമാണ്.’ എന്നായിരുന്നു ഷംസീറിന്റെ പ്രതികരണം.

എന്നാല്‍ ഇത് രാഷ്ട്രീയ പാര്‍ട്ടിയുടെ സമരമല്ലെന്നും മകന്‍ നഷ്ടപ്പെട്ട ഒരു അമ്മ നടത്തിയ സമരമാണെന്നും അതിനാല്‍ മനുഷ്യത്വത്തോടെ അതിനെ കാണമെന്നും അവതാരക ചൂണ്ടിക്കാട്ടിയപ്പോള്‍ ‘എനിക്ക് മനുഷ്യത്വമുണ്ടോ എന്ന് നിങ്ങളല്ല തീരുമാനിക്കേണ്ടത്.’ എന്നായിരുന്നു ഷംസീറിന്റെ പ്രതികരണം.


Also Read: കുഞ്ഞാലിക്കുട്ടി സാഹിബ് നല്ല മനുഷ്യന്‍; നല്ല നേതാവ്; ഇടതുപക്ഷത്തേക്ക് വരാന്‍ സമയമായി; ഒന്നിച്ചു നില്‍ക്കണണെന്നും മുകേഷ്


ജിഷ്ണുവിന്റെ കുടുംബത്തെയും വീടും സന്ദര്‍ശിച്ചയാളാണ് താനെന്നും തന്നെ മനുഷ്യത്വം പഠിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടെന്നും ഷംസീര്‍ രോഷത്തോടെ പറഞ്ഞു.

അത്തരത്തില്‍ മനുഷ്യത്വമുണ്ടായിരുന്നെങ്കില്‍ കൃഷ്ണദാസിനെതിരെ നടപടിയെടുക്കുമായിരുന്നില്ലേയെന്ന് അവതാരക ചൂണ്ടിക്കാട്ടിയപ്പോള്‍ കൃഷ്ണദാസിന് ജാമ്യം അനുവദിച്ച കോടതി നടപടിയുമായി ബന്ധപ്പെടുത്തി മാധ്യമങ്ങളെ വിമര്‍ശിക്കുന്ന നിലപാടായിരുന്നു ഷംസീര്‍ സ്വീകരിച്ചത്.

‘കൃഷ്ണദാസിന് കോടതി ജാമ്യം അനുവദിച്ചപ്പോള്‍ നിങ്ങള്‍ മിണ്ടിയിലല്ലോ. നിങ്ങള്‍ക്ക് കോടതിയെ പേടിയല്ലേ’ എന്നായിരുന്നു ഷംസീറിന്റെ പ്രതികരണം.

ഞങ്ങള്‍ പ്രതികരിച്ചില്ലെന്നത് സമ്മതിച്ചാല്‍ തന്നെ നിങ്ങള്‍ക്ക് പ്രതികരിക്കാമായിരുന്നില്ലേ എന്ന അവതാരകയുടെ ചോദ്യത്തോട് ‘ഞങ്ങള്‍ പ്രതികരിച്ചില്ലെന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാനാവും?’ എന്ന മറുചോദ്യമാണ് ഷംസീര്‍ ഉയര്‍ത്തിയത്.

പ്രതികരിച്ചെങ്കില്‍ അത് ഏതൊക്കെ ഘട്ടത്തിലാണ് എന്ന് വിശദീകരിക്കാമോയെന്ന് അവതാരക ചോദിച്ചപ്പോള്‍ ‘ബ്ബ, ബ്ബ ബ്ബാ’ അടിക്കുകയാണ് ഷംസീര്‍ ചെയ്തത്.