കണ്ണൂര്‍: ആര്‍.എസ്.എസിന്റെ വധ ഭീഷണിക്ക് മറുപടിയുമായി എ.എന്‍ ഷംസീര്‍ എം.എല്‍.എ. ആര്‍.എസ്.എസിന്റെ നേര്‍ച്ച കോഴികളല്ല സി.പി.ഐ.എം പ്രവര്‍ത്തകരെന്നും മത നിരപേക്ഷതക്കെതിരായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ഷംസീര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.


Also read വയനാട്ടില്‍ യത്തീംഖാനയിലെ 7 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി


ഇന്നലെ രാത്രി ഷംസീറിന്റെ രക്തം കൊണ്ട് കാളീ പൂജ നടത്തുമെന്നും ഇത് ഷംസീറിനുള്ള അവസാന താക്കീതാണെന്നും ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ഷംസീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തന്റെ നാട്ടിലെ സാധാരണക്കാരായ സഖാക്കള്‍ക്ക് ഇല്ലാത്ത ഒരു സംരക്ഷണവും തനിക്കു വേണ്ടെന്നും ഷംസീര്‍ പറഞ്ഞു.

ഷംസീറിനെതിരെയും കണ്ണൂരിലെ സി.പി.ഐ.എം നേതാക്കള്‍ക്കെതിരെയും പ്രകോപനപരമായ മുദ്രാവാക്യവുമായി പ്രകടനം നടത്തിയ സംഘം ഷംസീറിന്റെ വീടിനു മുന്നില്‍ വധ ഭീഷണിയുമായി പോസ്റ്ററും പതിച്ചിരുന്നു. സംഭവത്തിന് പിന്നില്‍ ആര്‍.എസ്. എസ് ആണെന്നും തലശ്ശേരിയില്‍ മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും കാട്ടി സി.പി.ഐ.എം ന്യൂ മാഹി സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഷംസീറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

‘എന്റെ നാട്ടിലെ സാധാരണക്കാരായ സഖാക്കള്‍ക്ക് ഇല്ലാത്ത ഒരു സംരക്ഷണവും എനിക്ക് വേണ്ട…
RSS ന്റെ നേര്‍ച്ച കോഴികളല്ല CPI(M) പ്രവര്‍ത്തകര്‍..
മതനിരപേക്ഷതക്ക് വേണ്ടിയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും…’