ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയുടെ കത്ത്. സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഒഴിവായെന്ന് സോണിയയ്ക്ക് അയച്ച ഫാക്‌സില്‍ പറയുന്നു.

Ads By Google

കുര്യനെതിരെ എങ്ങും ആരോപണം ഉയരവേ അദ്ദേഹം ഉപാധ്യക്ഷനായി തുടരുന്നത് ശരിയല്ല. കുര്യന്‍ പീഡിപ്പിച്ച കാര്യം ആന്റണിയെ പരാതിയായി അറിയിച്ചിരുന്നു.

17 വര്‍ഷമായി പെണ്‍കുട്ടി മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ്. ഒരു മകളുടെ അമ്മ എന്ന നിലയില്‍ തന്റെ വികാരം മനസ്സിലാക്കണമെന്നും പെണ്‍കുട്ടിയുടെ അമ്മ സോണിയയോട് പറയുന്നു.

ദേശീയ തലത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ശിക്ഷ വര്‍ധിപ്പിക്കണമെന്ന ചര്‍ച്ച നിലനില്‍ക്കെ കുര്യന്‍ ഉപാധ്യക്ഷനായി തുടരുന്നത് ശരിയല്ലെന്നും കത്തില്‍ പറയുന്നു.

അതേസമയം, കുര്യന്റെ രാജി ആവശ്യപ്പെട്ടുണ്ടായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു. ബഹളത്തിനിടെ നാല് പ്രതിപക്ഷ വനിതാ എം.എല്‍.എമാര്‍ സ്പീക്കറുടെ ഇരിപ്പിടത്തിനടുത്തേക്ക് തള്ളിക്കയറുകയും ഇരിപ്പിടത്തിന് സമീപം നിന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

എം.എല്‍.എമാരായ കെ.കെ ലതിക, ഐഷ പോറ്റി, ജമീല പ്രകാശം, കെ.എസ് സലീഖ എന്നിവരാണ് സ്പീക്കറുടെ ഇരിപ്പിടത്തിനടുത്തെത്തി പ്രതിഷേധ പ്രകടനം നടത്തിയത്.

കുര്യന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ നിയമസഭയ്ക്ക് മുമ്പില്‍ നടത്തിയ പ്രകടനത്തില്‍ രണ്ട് വനിതാ എം.എല്‍.എമാരെ പോലീസ് മര്‍ദ്ദിച്ചെന്ന പരാതിയില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.

എന്നാല്‍, ജുഡീഷ്യല്‍ അന്വേഷണം സ്വീകരിക്കില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അറിയിച്ചത്. സംഭവത്തിനുത്തരവാദിയായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ പോലീസുകാര്‍ക്കെതിരെ നടപടിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.