എഡിറ്റര്‍
എഡിറ്റര്‍
സൂര്യനെല്ലി പെണ്‍കുട്ടിക്ക് ഡൂള്‍ന്യൂസ് ടീമിന്റെ തുറന്ന കത്ത്
എഡിറ്റര്‍
Friday 1st February 2013 12:50pm

പ്രിയ സുഹൃത്തേ,

വളരെ പ്രതീക്ഷയോടെയാണ്‌ ഡൂള്‍ ന്യൂസ് ടീം ഇത്തരമൊരു തുറന്ന കത്ത് നിങ്ങള്‍ക്കെഴുതുന്നത്. നിങ്ങളോടുള്ള അകമഴിഞ്ഞ ബഹുമാനവും ഐക്യദാര്‍ഢ്യവും ഇത്തരത്തില്‍ തന്നെ രേഖപ്പെടുത്തേണ്ടത് ഇന്നിന്റെ ചരിത്രം ആവശ്യപ്പെടുന്നു.

കഴുകന്‍മാര്‍ വട്ടംപറക്കുന്നതിനിടയിലും നിങ്ങള്‍ നടത്തിയ അചഞ്ചലമായ പോരാട്ടം ലോകത്തെങ്ങുമുള്ള സ്ത്രീകള്‍ക്ക് അഭിമാനവും ചങ്കൂറ്റവും നല്‍കുന്നു. നമ്മുടെ ജനാധിപത്യവും നീത്യന്യായവും നിങ്ങളോട് ചെയ്ത ക്രൂരതകള്‍ നിങ്ങളുടെ കേസ്സിലെ പ്രതികള്‍ ചെയ്തതിനേക്കാള്‍ അങ്ങേയറ്റം നിന്ദ്യാര്‍ഹമാണ്.

Ads By Google

നിങ്ങളെ വേട്ടയാടിയവര്‍ തെറ്റു ചെയ്തുവെന്ന് ഇനിയും തെളിയിക്കപ്പെടണം എന്നുപറയുന്ന ഓരോ വാക്കും നിങ്ങളോട് ചെയ്യുന്ന കടുത്ത ക്രൂരതയാണെന്നാണ് ഞങ്ങളുടെ പക്ഷം. ഇതില്‍ ഇനിയുമധികം സംസാരിക്കലല്ല, നീതി ലഭിക്കലാണ് വേണ്ടത്. അതിന്റെ മുന്നോടിയായി ഇന്നലെ സുപ്രീം കോടതി എടുത്ത സമീപനത്തെ കാണാം.

പിന്നിട്ട പതിനേഴ് വര്‍ഷക്കാലം കടുത്ത യാതനയും പീഡനവും സഹിച്ച്, പ്രലോഭനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും വഴങ്ങാതെ, ജീവിച്ച് കേരളത്തിന് വേണ്ടി നിങ്ങള്‍ നടത്തിയ പോരാട്ടം ഞങ്ങള്‍ക്കുമുന്നില്‍ ധീരവനിതയാക്കി നിങ്ങളെ മാറ്റിയിരിക്കുന്നു.

സുഹൃത്തേ, ഇനിയും നിങ്ങള്‍ മറഞ്ഞിരിക്കുകയല്ല വേണ്ടത്. നിങ്ങളല്ല മറഞ്ഞിരിക്കേണ്ടത്. നിങ്ങളോട് ക്രൂരത ചെയ്ത നരാധമന്‍മാരും നീതിന്യായ സംവിധാനവും നിങ്ങളെ കല്ലെറിഞ്ഞ പുരുഷാധിപത്യ സമൂഹവുമാണ് തലയില്‍ മുണ്ടിട്ട് തലതാഴ്ത്തി ഒളിച്ചിരിക്കേണ്ടത്.

ഇവിടെ നിങ്ങള്‍ അഭിമാനപൂര്‍വം തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന. നിങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ കടന്നുവരികയും കേരളത്തില്‍ സ്ത്രീകള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും വേണമെന്ന് ഞങ്ങള്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ഡൂള്‍ന്യൂസ് ടീം

Advertisement