ലണ്ടന്‍: ബ്രിട്ടീഷ് പോപ് സംഗീതജ്ഞ ആമി ജെയ്ഡ് വൈന്‍ഹൈസ് (27) വീട്ടില്‍ മരിച്ചനിലയില്‍. തെക്കന്‍ ലണ്ടനിലെ വീട്ടില്‍ ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി പത്തരയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മയക്കുമരുന്നിന്റെ അമിത ഉപയോഗമാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍.

ചെറുപ്രായത്തില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടിയേറിയ ആമി വിവാദങ്ങളുണ്ടാക്കുന്ന കാര്യത്തിലും പിന്നിലായിരുന്നില്ല. മദ്യവും മയക്കുമരുന്നും, പ്രണയവും ആമിയുടെ സംഗീതജീവിതത്തിന് വേഗത്തില്‍ അന്ത്യംകുറിച്ചു. അമിത ലഹരി ഉപഭോഗത്തില്‍ നിന്ന് മോചനം നേടാന്‍ പലവട്ടം ചികിത്സതേടിയെങ്കിലും ഫലമുണ്ടായിരുന്നു. ശരീരഭാരം നഷ്ടമാകുന്ന രോഗത്തിനും അവര്‍ അടിമയായിരുന്നു.

വടക്കന്‍ ലണ്ടനിലെ സൗത്ത്‌ഗേറ്റില്‍ ഒരു ജൂതകുടുംബത്തില്‍ 1983 സപ്തംബര്‍ 14നാണ് ആമി ജനിച്ചത്. മിച്ചൈന്‍ വൈന്‍ഹൈസിന്റെ രണ്ടുമക്കളില്‍ ഇളയവളായിരുന്ന ആമി സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത് ടാക്‌സി ഡ്രൈവറായിരുന്ന അച്ഛനില്‍നിന്നാണ്. ആമിയുടെ ആദ്യ സംഗീത ആല്‍ബം ‘ഫ്രാങ്ക്’ 2003ല്‍ പുറത്തിറങ്ങി. വ്യാപക പ്രശംസയ്ക്ക് പാത്രമായ ആല്‍ബം ‘മെര്‍ക്കുറി പ്രൈസി ‘ ന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. 2006ല്‍ ഇറങ്ങിയ ‘ബാക്ക് ടു ബ്ലാക്കാ ‘ ണ് അവരെ പ്രശസ്തിയുടെ ഉന്നതിയില്‍ എത്തിച്ചത്. ആറ് ഗ്രാമി അവാര്‍ഡ് നാമനിര്‍ദേശങ്ങള്‍ കിട്ടിയ ആല്‍ബം അവയില്‍ അഞ്ചെണ്ണം നേടുകയും ചെയ്തു.

അതുവഴി ഒറ്റത്തവണ ഏറ്റവും കൂടുതല്‍ ഗ്രാമി പുരസ്‌കാരങ്ങള്‍ നേടുന്ന വനിത എന്ന റെക്കോഡ് ആമി സ്വന്തമാക്കി. ‘ ബിഗ് ഫോര്‍ ‘ , ‘ സ്‌ട്രോങ്ങര്‍ ദാന്‍ മി ‘ , ‘ റീഹാബ് ‘, ‘ലവ് ഈസ് എ ലൂസിങ് ഗെയിം ‘ എന്നിവയാണ് ആമിയുടെ പ്രശസ്തമായ മറ്റ് ആല്‍ബങ്ങള്‍.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെക്കാലം സംഗീതലോകത്ത് നിന്ന് വിട്ടുനിന്ന ആമി കഴിഞ്ഞമാസം യൂറോപ്യന്‍ പര്യടനം ആരംഭിച്ചെങ്കിലും സൈബീരിയിലെ ആദ്യവേദിയില്‍ തന്നെ പാട്ടുമുടങ്ങി. അമിതമായി മദ്യപിച്ച് ആമി പാടാന്‍ കഴിയാതെ മടങ്ങുകയായിരുന്നു.

. സുഹൃത്തായ ബ്ലേക്ക് ഫീല്‍ഡര്‍സിവിനെ 2007 മെയ് 18ന് വിവാഹം ചെയ്‌തെങ്കിലും പിന്നീട് പിരിഞ്ഞു. പതിന്നാലുവയസ്സുള്ള ഡിയോണി ബ്രോംഫീല്‍ഡ് ദത്തുപുത്രിയാണ്.