ന്യൂദല്‍ഹി: അമൃതാനന്ദമയിക്ക് കേന്ദ്ര സര്‍ക്കാരിന്റെ സെഡ് കാറ്റഗറി സുരക്ഷ. 24 സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും ഇവര്‍ക്കൊപ്പമുണ്ടാകും.

കൊല്ലം വളളിക്കാവിലെ ആശ്രമത്തിലും അമൃതാനന്ദമയിക്കും 40 സി.ആര്‍.പി.എഫ് ജവാന്മാരെ സുരക്ഷയ്ക്കായി നിയോഗിക്കും. സുരക്ഷയുടെ ഭാഗമായി അമൃതാനന്ദ മയിക്ക് രണ്ട് വാഹനങ്ങളുടെ അകമ്പടിയുണ്ടാകും.

അമൃതാനന്ദമയിയുടെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. നേരത്തെ യോഗ അഭ്യാസിയും പതഞ്ജലി ഗ്രൂപ്പിന്റെ സ്ഥാപകനുമായ ബാബാ രാംദേവിന് കേന്ദ്രം സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

വി.ഐ.പി, വി.വി.ഐപി വിഭാഗത്തില്‍പെട്ടവര്‍ക്ക് സുരക്ഷ നിശ്ചയിക്കുന്നത് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഉള്‍പ്പെടുന്ന രണ്ട് സമിതികളാണ്. പ്രൊട്ടക്ഷന്‍ റിവ്യൂ ഗ്രൂപ്പ്, സെക്യൂരിറ്റി കാറ്റഗറൈസേഷന്‍ കമ്മിറ്റി എന്നിവയാണ് ഇക്കാര്യം തീരുമാനിക്കാനുള്ള സമിതികള്‍.


Dont Miss സര്‍ക്കാരിന്റെ പതിനാറടിയന്തരം നടത്തി പന്തലും പൊളിച്ചിട്ടേ ഇവര്‍ അടങ്ങൂ; എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഡ്വ. ജയശങ്കര്‍ 


രണ്ട് കമ്മറ്റികളെയും നയിക്കുന്നത് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ്. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും ഈ കമ്മിറ്റികളിലുണ്ട്. രാജ്യത്താകെ 300 ഓളം വ്യക്തികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ പ്രത്യേക സുരക്ഷ അനുവദിച്ചിട്ടുള്ളത്.

ഇതില്‍ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ക്ക് സി.ആര്‍.പി.എഫ് സുരക്ഷ നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്റ് പികെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കണമെന്നാണ് കേന്ദ്രത്തിനോട് ബിജെപിയുടെ സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരുന്നത്.