എഡിറ്റര്‍
എഡിറ്റര്‍
ഞാന്‍ വീണ്ടും നിന്നെ കാണും
എഡിറ്റര്‍
Thursday 16th January 2014 3:39pm

poem-5

………………………………………………………………………………………………………………………………………………..

കവിത / അമൃത പ്രീതം

മൊഴിമാറ്റം / സ്വാതി ജോര്‍ജ്

വര / മജിനി

………………………………………………………………………………………………………………………………………………..

ഇനിയും നിന്നെ ഞാന്‍ കാണും

എവിടെ, എങ്ങനെ എന്നറിയില്ല.

ഒരുപക്ഷേ നിന്റെ സങ്കല്പത്തിലെ

ഒരു കഥയായ്,

അതിന്റെ നിഗൂഢമായൊരു രേഖയില്‍ സഞ്ചരിച്ച്,

നിന്റെ കാന്‍വാസില്‍ വിടര്‍ന്ന്,

ഞാന്‍ നിന്നെ നോക്കിയിരിക്കും.

ഒരുപക്ഷേ

ഞാനൊരു സൂര്യകിരണമായി മാറിയിട്ട്,

നിന്റെ നിറങ്ങളാല്‍ ആലിംഗനം ചെയ്യപ്പെടാന്‍

എന്നെ ഞാന്‍ നിന്റെ കാന്‍വാസില്‍ ചാലിക്കും.

എപ്പോള്‍, എങ്ങനെ എന്നെനിക്കറിയില്ല

പക്ഷേ തീര്‍ച്ചയായും ഞാന്‍ നിന്നെ കണ്ടുമുട്ടും.

ചിലപ്പോള്‍ ഞാന്‍ ഒരു വസന്തമായി മാറിയേക്കും,

ജലത്തിന്റെ പതയുന്ന തുള്ളികളാല്‍ നിന്നെ തലോടും.

എന്നിട്ട് നിന്റെ പൊള്ളുന്ന നെഞ്ചില്‍

എന്റെ കുളിര്‍മ്മയെ ചേര്‍ക്കും.

എനിക്കറിയാം, ഈ ജീവിതമല്ലാതെ മറ്റൊന്നും

എന്നോടൊപ്പം നടക്കാനുണ്ടാവില്ലെന്ന്.

ദേഹം നശിക്കുമ്പോള്‍ എല്ലാം നശിക്കുന്നു:

എന്നാല്‍ എന്റെ ഓര്‍മ്മയുടെ നൂലുകള്‍

നൂറ്റിരിക്കുന്നത് നശിച്ചുപോകാത്ത കണികകള്‍ കൊണ്ടാണ്.

ഈ കണികകള്‍ ഞാന്‍ പെറുക്കിയെടുക്കും,

അവയാല്‍ എന്റെ നൂലുകള്‍ നൂല്‍ക്കും,

പിന്നെ ഞാന്‍ വീണ്ടും നിന്നെ കാണും

………………………………………………………………………………..
അമൃത പ്രീതം

പ്രശസ്ത പഞ്ചാബി എഴുത്തുകാരിയും കവയത്രിയും (ഓഗസ്റ്റ് 31, 1919  ഒക്ടോബര്‍ 31, 2005). പഞ്ചാബില്‍ നിന്നുള്ള ആദ്യത്തെ പ്രശസ്തയായ കവയിത്രിയും നോവലിസ്റ്റും ഉപന്യാസകാരിയും ആയിരുന്നു അമൃതാ പ്രീതം. ഇന്ത്യയും പാകിസ്താനുമായി വിഭജിക്കപ്പെട്ടപ്പോള്‍ അമൃതാ പ്രീതം 1947ല്‍ ഇന്ത്യയിലേയ്ക്കു കുടിയേറി.

ആധുനിക സമൂഹത്തിന്റെ മോഹഭംഗങ്ങളും യാഥാസ്ഥിതികത്വത്തിന്റേയും ജന്‍മിത്വത്തിന്റേയും നേര്‍ക്കുള്ള പ്രതിഷേധവും പ്രീതത്തിന്റെ സാഹിത്യസൃഷ്ടികളില്‍ തെളിഞ്ഞു കാണുക.

സ്വാതി ജോര്‍ജ്

ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശി. Bahrain panorama cotnracting and engineering services പദ്ധതി ആസൂത്രണ സാങ്കേതിക വിദഗ്ദ്ധന്‍. സോഷ്യല്‍ മീഡിയ രംഗത്ത് സജീവം. നിരവധി കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

മജ്‌നി തിരുവങ്ങൂര്‍

കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.

Advertisement