യാങ്കൂണ്‍: മ്യാന്‍മറിലെ ഭരണ പരിഷ്‌കാരങ്ങള്‍ക്ക് അമേരിക്കന്‍ ഭരണകൂടം കൂടുതല്‍ സഹായം വാഗ്ദാനം ചെയ്തു. അരനൂറ്റാണ്ടിനിടെ മ്യാന്‍മറില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ യു.എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റനാണ് അമേരിക്കയുടെ പിന്തുണ അറിയിച്ചത്.

പതിറ്റാണ്ടുകളായി നടക്കുന്ന പട്ടാളഭരണത്തില്‍ നിന്ന് മോചിതരാവാനുള്ള പ്രവണതയുണ്ടാകുന്ന സാഹചര്യത്തില്‍ മ്യാന്‍മറിലെ ഭരണ പരിഷ്‌കാരങ്ങള്‍ക്ക് കൂടുതല്‍ പിന്തുണയാണ് അമേരിക്ക നല്‍കുന്നത്. രണ്ട് പതിറ്റാണ്ടിനു ശേഷം മ്യാന്‍മറില്‍ യു.എസ്. അംബാസഡറെ നിയമിക്കുമെന്നും ഹിലരി വ്യക്തമാക്കി.

രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുക, വംശീയ കലാപങ്ങള്‍ അവസാനിപ്പിക്കുക, ഉത്തര കൊറിയയുമായുള്ള അവിശുദ്ധബന്ധം നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങള്‍ സൈന്യവുമായി നടത്തിയ ചര്‍ച്ചയില്‍ ഹിലരി ഉന്നയിച്ചു.

എന്നാല്‍, മ്യാന്‍മര്‍ ഉത്തര കൊറിയയുമായുള്ള ബന്ധം അവസാനിപ്പിച്ചാല്‍ മാത്രമെ വാഗ്ദാനം ചെയ്ത സഹകരണം അമേരിക്ക നല്‍കുകയുള്ളൂ. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഹിലരി ക്ലിന്റണ്‍ ജനാധിപത്യ പോരാളി ആങ് സാന്‍ സൂചിയുമായും കൂടിക്കാഴ്ച നടത്തി.

പട്ടാള വാഴ്ചയില്‍ വര്‍ഷങ്ങളായി ഉപരോധങ്ങള്‍ നേരിടുകയാണ് മ്യാന്‍മറിലെ ജനങ്ങള്‍. 1962ല്‍ പട്ടാളത്തിന്റെ പിടിയിലായ മ്യാന്‍മറില്‍ കഴിഞ്ഞ വര്‍ഷം വരെ പട്ടാളമാണ് അധികാരത്തിലിരുന്നത്. പേരിനുമാത്രമായ സര്‍ക്കാറാണ് ഇപ്പോള്‍ ഭരിക്കുന്നത്.

Malayalam news
Kerala News in Kerala