കോഴിക്കോട്: അമ്മയുടെ നേതൃത്വത്തില്‍ ബുധനാഴ്ച്ച കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന താരനിശ വ്യാഴാഴ്ച്ചത്തേക്ക് മാറ്റി. സാങ്കേതിക കാരണങ്ങളാലാണ് താരനിശ മാറ്റുന്നതെന്ന് അമ്മ ഭാരവാഹികള്‍ വ്യക്തമാക്കി.

കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന് സമീപമുള്ള ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിലെ ശിവരാത്രി പരിപാടികളെ തുടര്‍ന്നാണ് താരനിശ മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ശിവരാത്രി ദിവസം താരനിശ നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

മലയാള സിനിമയിലെ താരങ്ങള്‍ അണിനിരക്കുന്ന ‘സൂര്യതേജസോടെ അമ്മ’ താരനിശ വ്യാഴാഴ്ച്ച കോഴിക്കോട് നടക്കും. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഓപ്പണ്‍ എയര്‍ സ്റ്റേജിലാണ് താരനിശ അരങ്ങേറുക. മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും സൂര്യ ടി.വിയും മലബാര്‍ ഗോള്‍ഡും ചേര്‍ന്നൊരുക്കുന്ന താരനിശയില്‍ മമ്മൂട്ടിയും മോഹന്‍ലാലുമടക്കം മലയാളത്തിലെ മുഴുവന്‍ താരങ്ങളും ഒരുമിച്ചണിനിരക്കും. ടിനി ടോം, കോട്ടയം നസീര്‍, സുരാജ് വെഞ്ഞാറമൂട്, എന്നിവരടങ്ങുന്ന സംഘത്തിന്റെ കോമഡി സ്‌കിറ്റ്, മംമ്താ മോഹന്‍ദാസ്, മീരാ നന്ദന്‍ തുടങ്ങിയവരുടെ ഗാനാലാപനം എന്നിവയുണ്ടാകുമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് അറിയിച്ചു.

സംവിധായകന്‍ ലാലിന്റെ നേതൃത്വത്തിലാണ് ഷോ അണിയിച്ചൊരുക്കുന്നത്. പ്രവേശന പാസുമായെത്തുന്നവര്‍ക്ക് മാത്രമേ ഷോ കാണാന്‍ അവസരം ലഭിക്കൂ. വൈകീട്ട് മൂന്ന് മണിമുതലാണ് പ്രവേശനം. സുരക്ഷ മുന്‍നിര്‍ത്തി ഗ്രൗണ്ടിലേക്ക് ബാഗോ മറ്റ് സാധനങ്ങളോ കൊണ്ട് വരുന്നത് നിരോധിച്ചിട്ടുണ്ട്. വാഹന പാര്‍ക്കിങ്ങിനായി ജവഹര്‍ കോളനി ഗ്രൗണ്ട്, ബിഗ്ബസാറിന് പിറകിലുള്ള എമറാള്‍ഡ് ഗ്രൗണ്ട്, മലബാര്‍ കൃസ്ത്യന്‍ കോളജിന് പടിഞ്ഞാറ് വശമുള്ള ഗ്രൗണ്ട് എന്നിവിടങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.