ഏറെക്കാലം മലയാള സിനിമയില്‍ നിന്ന് വിട്ടുനിന്ന മീരാജാസ്മിന്‍ സാമുവലിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണെന്ന വാര്‍ത്ത ആഴ്ചകള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. എന്നാല്‍ താര സംഘടനയായ അമ്മ മീരയ്ക്ക് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് നടിയുടെ തിരിച്ചുവരവിനെ ബാധിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

മലയാളത്തില്‍ തിരിച്ചുവരവിന് ശ്രമിച്ച മീരയ്ക്ക് ശക്തമായൊരു വേഷം ലഭിക്കാത്തതായിരുന്നു പ്രശ്‌നം. ഒടുക്കം സാമുവലിന്റെ മക്കള്‍ എന്ന ചിത്രം തേടിയെത്തിയപ്പോള്‍ അതിലെ നിര്‍മാതാവിന്റെ വേഷം കൂടിയേറ്റെടുത്താണ് മീര നായികാസ്ഥാനം നേടിയത്. എന്നാല്‍ മീരയുടെ രണ്ടാം വരവ് ഒഴിവാക്കാന്‍ അണിയറ നീക്കങ്ങള്‍ ശക്തമാണെന്നാണ് സിനിമാ മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

ധനശേഖരണാര്‍ത്ഥം അമ്മ നടത്തിയ ഷോയില്‍ നിന്നും മീരവിട്ടുനിന്നതാണ് താരസംഘടനയെ ചൊടിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് കുറേക്കാലം മലയാളത്തിലേക്ക് അടുക്കാന്‍ മീരയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ സ്വന്തമായി പണം മുടക്കിയിട്ടുപോലും മീരയ്ക്ക് സിനിമ ചിത്രീകരണം ആരംഭിക്കാന്‍ കഴിയില്ലയെന്ന സ്ഥിതിയാണ്.

മീരയുടെ വിലക്ക് സംബന്ധിച്ച് സാങ്കേതിക പ്രവര്‍ത്തകര്‍ക്കും സംവിധായകര്‍ക്കും മറ്റും അമ്മ രഹസ്യമായി നിര്‍ദേശം നല്‍കി കഴിഞ്ഞു. അതിനാല്‍ സാമുവലിന്റെ മക്കളിന്റെ ചീത്രീകരവും പ്രതിസന്ധിയിലാവും. അമ്മയുടെ വിലക്കുള്ളതിനാല്‍ മറ്റ് താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറാവില്ലെന്നതും പ്രശ്‌നങ്ങളുടെ രൂക്ഷത വര്‍ധിപ്പിക്കുന്നു.

Malayalam news

Kerala news in English