എഡിറ്റര്‍
എഡിറ്റര്‍
എന്തുതന്നെ പറഞ്ഞാലും അമ്മയിലെ അംഗങ്ങളെ ഞങ്ങള്‍ സംരക്ഷിക്കുമെന്ന് അമ്മ ഭാരവാഹികള്‍
എഡിറ്റര്‍
Thursday 29th June 2017 4:08pm

കൊച്ചി: എന്തു തന്നെ പറഞ്ഞാലും അമ്മയിലെ അംഗങ്ങളെ ഞങ്ങള്‍ സംരക്ഷിക്കുമെന്ന് ആവര്‍ത്തിച്ച് താരസംഘടനയായ അമ്മ. ജനറല്‍ ബോഡി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമ്മ ഭാരവാഹികള്‍.

ദിലിപീനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് അമ്മ വൈസ് പ്രസിഡന്റ് കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. ദിലീപിനെ മാത്രമല്ല അമ്മയിലെ ഒരംഗങ്ങളെയും ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

വാര്‍ത്താ സമ്മേളനത്തില്‍ കേസിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യം താരങ്ങളെ പ്രകോപിപ്പിച്ചു. അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പറഞ്ഞ് നടന്‍ മുകേഷ് മാധ്യമങ്ങളോട് പൊട്ടിത്തെറിക്കുകയും ചെയ്തു.

നടി ആക്രമിക്കപ്പെട്ട സംഭവം യോഗത്തില്‍ ചര്‍ച്ചയായോ, നടിയ്ക്കെതിരെ ചില താരങ്ങള്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം ചര്‍ച്ചയായോ തുടങ്ങിയ ചോദ്യങ്ങളാണ് അമ്മ ഭാരവാഹികളെ പ്രകോപിപ്പിച്ചത്.


Also Read: എസ്റ്റേറ്റ് തൊഴിലാളികള്‍ക്കുനേരെ തോക്കുചൂണ്ടി പി.സി ജോര്‍ജ്: ആസിഡ് ഒഴിക്കുമെന്നും ഭീഷണി- വീഡിയോ കാണാം


നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ചര്‍ച്ചയായില്ല എന്നാണ് അമ്മ അറിയിച്ചത്. ഈ വിഷയത്തില്‍ അംഗങ്ങള്‍ക്ക് എന്തെങ്കിലും അറിയിക്കാനുണ്ടോയെന്ന് താന്‍ ചോദിച്ചതാണെന്നും ആരും വിഷയം യോഗത്തില്‍ ഉന്നയിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് ഇക്കാര്യം ചര്‍ച്ച ചെയ്യാതിരുന്നതെന്നുമാണ് ഗണേഷ് കുമാര്‍ നല്‍കിയ വിശദീകരണം.

ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെ സലിംകുമാറും ദിലീപും നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായോ എന്ന ചോദിച്ചപ്പോള്‍ പൊട്ടിത്തെറിച്ചാണ് മുകേഷ് സംസാരിച്ചത്. അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പറഞ്ഞ് മാധ്യമങ്ങളെ വിലക്കുകയും ചെയ്തു.

മാധ്യമങ്ങള്‍ക്കെതിരെ ഡയസിലിരുന്ന് സിനിമാ താരങ്ങള്‍ കൂക്കിവിളിക്കുകയും ചെയ്തു. ഇതിനിടെ വാര്‍ത്താ സമ്മേളനം ഇടയ്ക്കുവെച്ച് അവസാനിപ്പിക്കാനുള്ള ശ്രമവുമുണ്ടായി. ഇടവേള രാജുവാണ് ഇത്തരം ഇടപെടല്‍ നടത്തിയത്. വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചതായി അദ്ദേഹം ഇടയ്ക്കു കയറി പറഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ തുടരുകയായിരുന്നു.

Advertisement