തിരുവനന്തപുരം: അമ്മയും ഫെഫ്കയും മാഫിയ സംഘങ്ങളാണെന്ന് നടന്‍ തിലകന്‍. ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ നിന്നും തന്നെ ഒഴിവാക്കിയതില്‍ സൂപ്പര്‍ താരത്തിന് പങ്കുണ്ട്. ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ തന്നെ അഭിനയിപ്പിച്ചില്ലെങ്കില്‍ ഷൂട്ടിങ് തടയും. പ്രശ്‌നം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രതിഷേധമായി താന്‍ അഭിനയം നിര്‍ത്തുമെന്നും തിലകന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തിലകന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

മലയാള സിനിമ പാതാളത്തേലേക്കാണ് പോകുന്നത്. കഴിഞ്ഞ നവംബറില്‍ കൃസ്ത്യന്‍ ബ്രദേഴ്‌സ് നിര്‍മ്മാതാവ് സുബൈര്‍ എന്റെ അടുത്ത് നേരിട്ടെത്തിയാണ് സിനിമയിലേക്ക് ഡേറ്റ് വാങ്ങിയത്. ഇതിനായി അഡ്വാന്‍സും തന്നിരുന്നു. എന്നാല്‍ പിന്നീട് സുബൈര്‍ തന്നെ ഫോണില്‍ വിളിച്ച് പറഞ്ഞത് തന്നെ അഭിനയിപ്പിക്കാന്‍ ഫെഫ്ക അനുവദിക്കുന്നില്ലെന്നാണ്. അമ്മക്ക് ഇതില്‍ പങ്കില്ലെന്നും പുറഞ്ഞു. എന്നാല്‍ അമ്മയാണ് മുഖ്യ പ്രതിയെന്ന് തനിക്ക് വ്യക്തമായിട്ടുണ്ട്. തന്നെ അഭിനയിപ്പിച്ചാല്‍ ഒരു സൂപ്പര്‍ സ്റ്റാറിന്റെ ഇമേജ് തകരുമെന്നാണ് പറഞ്ഞത്. ആ സൂപ്പര്‍ സ്റ്റാറിന്റെ അഭിമാനം നോക്കിയേ മലയാള സിനിമ വളരൂവെന്നതാണ് സ്ഥിതി.

തൊഴിലാളിയുടെ തൊഴില്‍ നിഷേധിക്കുന്ന നിലപാടാണ് ഫെഫ്ക കൈക്കൊള്ളുന്നത്. ക്യാപ്റ്റന്‍ രാജു, മാള അരവിന്ദന്‍ എന്നിവര്‍ക്കെതിരെയും വിലക്കുണ്ട്. തൊഴിലാളികള്‍ക്കെതിരെ നിലപാടെടുക്കുന്ന സംഘടനകളെ തകര്‍ക്കണം. അഭിനയം നിര്‍ത്തിവെച്ച് താന്‍ അതിനായി രംഗത്തിറങ്ങും. എന്നെ ഇത് പഠിപ്പിച്ചത് എ കെ ജിയും ഇ എം എസുമാണ്. ഞാനൊരു കമ്യൂണിസ്റ്റുകാരനാണ്.

മാഫിയ ശശിയെയും ഫെഫ്ക ജനറല്‍ സെക്രട്ടറി വിലക്കിയിട്ടുണ്ട്. വിനയന്റെ ചിത്രവുമായി സഹകരിച്ചതിനാണ് ഇവര്‍ വിലക്കുമായി രംഗത്തെത്തിയത്. എന്നാല്‍ തിലകന്റെ ചിത്രത്തില്‍ വിജയ് യേശുദാസും ചിത്രയും പാടിയിട്ടുണ്ട്. കൈതപ്രം പാട്ടെഴുതിയിട്ടുണ്ട്. ഇവര്‍കൊന്നും വിലക്കില്ല. വിലക്കുമായി കൈതപ്രത്തിന്റെ അടുത്ത് ചെന്നാല്‍ പോടായെന്ന് പറയും തിലകന്‍ പറഞ്ഞു.