Categories

ദല്‍ഹിയില്‍ ചൂടുള്ള വിഭവങ്ങളുമായി ജയലളിതയുടെ കാന്റീന്‍

amma-canteen

ന്യൂദല്‍ഹി: ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ‘അമ്മ കാന്റീന്‍’ ദല്‍ഹിയിലും തരംഗമാവുന്നു. പൊങ്കലിനോടനുബന്ധിച്ച് ദല്‍ഹിയിലെ തമിഴ്‌നാട് ഭവനില്‍ മൂന്ന് ദിവസത്തെക്കാണ് കാന്റീന്‍ പ്രവര്‍ത്തിക്കുക.

ചെന്നൈയില്‍ ലഭിച്ച സ്വീകാര്യത കാന്റീന് ദല്‍ഹിയിലും ലഭിച്ചിരിക്കുകയാണ്. പൊങ്കല്‍ ആഘോഷങ്ങള്‍ക്കായി തമിഴ്‌നാട് ഭവനില്‍ എത്തുന്നവര്‍ക്ക് ചൂടുള്ള ഇഡ്‌ലിയും സാമ്പാറും ചട്ട്ണിയും കുറഞ്ഞ വിലക്ക് ആസ്വദിച്ച് കഴിക്കാം.

ഇഡ്‌ലിയുടെ വില ഒരു രൂപ മാത്രം. തൈരു സാദത്തിന് മൂന്നു രൂപ. ഉത്തരേന്ത്യന്‍ വിഭവങ്ങളോട് സാദൃശ്യമുള്ള പൊങ്കലിന് വെറും അഞ്ച് രൂപ മാത്രമാണ് വില.

വൈകിട്ട് എട്ടു വരെയാണ് കാന്റീന്‍ പ്രവര്‍ത്തിക്കേണ്ടതെങ്കിലും തിരക്ക് കാരണം വിഭവങ്ങള്‍ തീരുന്നതിനാല്‍ നേരത്തെ തന്നെ അവസാനിപ്പിക്കുകയാണ്.

പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ പോഷകാഹാരം ലഭ്യമാക്കാനായാണ് ജയലളിത ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്. കാന്റീന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് സ്ത്രീ സ്വയം സഹായ സംഘങ്ങളാണ്.

Tagged with: