ബാംഗ്ലൂര്‍: മലയാള ചലച്ചിത്ര മേഖലയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ഫെബ്രുവരി 27ന് ബാംഗ്ലൂരില്‍ നടത്താനിരുന്ന താരനിശ റദ്ദാക്കി. ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നതിനാല്‍ താരനിശക്ക് മതിയായ സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണിത്. സുരക്ഷ സ്വന്തം നിലയില്‍ ഉറപ്പ് വരുത്തണമെന്നായിരുന്നു പോലീസിന്റെ നിര്‍ദേശം.

ഇതെ തുടര്‍ന്നാണ് താരനിശ റദ്ദാക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കോഴിക്കോട് നടത്താന്‍ തീരുമാനിച്ച താരനിശ മുന്‍ നിശ്ചയിച്ച പ്രകാരം മാര്‍ച്ച് 2ന് തന്നെ നടക്കുമെന്നും അമ്മ ഭാരവാഹികള്‍ അറിയിച്ചു.

സംവിധായകന്‍ ലാലിന്റെ നേതൃത്വത്തില്‍ ഷാഫി,ബെന്നി പി നായരമ്പലം ,സച്ചി എന്നിവരുള്‍പ്പെടെയുള്ള സംഘമാണ് ഷോ അണിയിച്ചൊരിക്കുന്നത്. കൊച്ചിയിലെ താരനിശയുടെ റിഹേഴ്‌സല്‍ നടന്നുവരികയാണ്.

സൂര്യാ ടിവിയുമായി സഹകരിച്ചാണ് അമ്മ ഏറെക്കാലത്തിനു ശേഷം സ്‌റ്റേജ്‌ഷോ നടത്താന്‍ തീരുമാനിച്ചത്. ഇതനുസരിച്ചാണ് ബാംഗ്ലൂരില്‍ വേദി നിശ്ചയിച്ചത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ബാംഗ്ലൂര്‍ വേദിയാക്കുമ്പോള്‍ ലോകകപ്പില്‍ 27 ന് മല്‍സരം ഇല്ലായിരുന്നു. കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡനിലെ മല്‍സരം റദ്ദാക്കിയതോടെ ആ മല്‍സരം ബാംഗ്ലൂരിലേക്ക് വന്നതോടെയാണ് അമ്മയുടെ പരിപാടി അനിശ്ചിതത്വത്തിലായത്.

കഴിഞ്ഞദിവസം ഇന്ത്യയുടെ കളിക്ക് ടിക്കറ്റ് വാങ്ങാന്‍ വന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ പൊലീസ് ലാത്തിവീശിയിരുന്നു. ഈ ഘട്ടത്തില്‍ താരനിശയ്ക്ക് മതിയായ പൊലീസിനെ നല്‍കാന്‍ കഴിയില്ലെന്ന് ബാംഗ്ലൂര്‍ പൊലീസ് സംഘാടകരെ അറിയിക്കുകയായിരുന്നു.