അഹമ്മദാബാദ്: ഷൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജഏറ്റുമുട്ടല്‍ കേസില്‍ സി ബി ഐ കൊലപാതകക്കുറ്റം സമര്‍പ്പിച്ച ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷാ ഒളിജീവിതം അവസാനിപ്പിച്ച് രംഗത്തെത്തി. തനിക്കെതിരേ സി ബി ഐ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഷാ ആരോപിച്ചു.

ബി ജെ പി ആസ്ഥാനത്ത് നാടകീയമായായിരുന്നു ഷാ മാധ്യമപ്രവര്‍ത്തകര്‍ക്കുമുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. തനിക്കെതിരേ ഏജന്‍സി ഉന്നയിച്ച ആരോപണങ്ങളും സമര്‍പ്പിച്ച തെളിവുകളും വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നും ഷാ ആരോപിച്ചു. ബി ജെ പിക്കെതിരേ കോണ്‍ഗ്രസ് തയ്യാറാക്കിയ ഗൂഢാലോചനയാണിതെന്നും ഷാ പറഞ്ഞു. ഉടനേ സി ബി ഐ ക്ക് മുമ്പില്‍ ഹാജരാകുമെന്നും ഷാ വ്യക്തമാക്കി.

അമിത് ഷാ, ഐ പി എസ് ഉദ്യോഗസ്ഥരായ വന്‍സാറ, രാജ്കുമാര്‍ പാണ്ഡ്യന്‍, അഭയ് ചുദാസ്മ എന്നിവര്‍ക്കെതിരേ 2000 പേജ് വരുന്ന കുറ്റപത്രമാണ് സി ബി ഐ സമര്‍പ്പിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഷാ രാജിവച്ചിരുന്നു.