മുംബൈ: ബോളിവുഡില്‍ മറ്റൊരു സീക്വല്‍ കൂടി. വിപുല്‍ ഷാ സംവിധാനം ചെയ്ത് 2002 ല്‍ പുറത്തിറങ്ങിയ ആംഖേന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള ചര്‍ച്ചകളാണ് അണിയറയില്‍ നടക്കുന്നത്.

2002ലെ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, അര്‍ജുന്‍ രാംപാല്‍, പരേഷ് റവാല്‍, സുസ്മിത സെന്‍ എന്നിവരായിരുന്നു താരങ്ങള്‍. മൂന്ന് അന്ധന്‍മാര്‍ ചേര്‍ന്ന് നടത്തുന്ന ബാങ്ക് കൊള്ളയായിരുന്നു ചിത്രത്തിന്റെ പ്രമേയം. പുതിയ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ ഉണ്ടാവുമെന്ന കാര്യം നിര്‍മാതാവ് ഗൗരംഗ് ധോഷി സ്ഥിരീകരിച്ചിട്ടുണ്ട്.

‘ കുറച്ചകാലമായി ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചനയിലാണ് ഞങ്ങള്‍. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് രണ്ട് തരത്തിലുള്ള അന്ത്യമുണ്ട്. ഒന്ന് ഇന്ത്യന്‍ മാര്‍ക്കറ്റിനുവേണ്ടിയും രണ്ടാമത്തേത് വിദേശ പ്രേക്ഷകര്‍ക്കുവേണ്ടിയും. മൂന്ന് നായക കഥാപാത്രങ്ങളും അന്ധരായിരിക്കും.’ ഗൗരംഗ് പറഞ്ഞു.

ചിത്രത്തിന്റെ രണ്ടാം ഭാഗം പുതിയ സംവിധായകനെ കൊണ്ട് ചെയ്യിക്കാനാണ് ഗൗരംഗിന്റെ തീരുമാനം. നേരത്തെ ആദ്യചിത്രം നിര്‍മിക്കുന്ന സമയത്ത് വിപുല്‍ ഷായുമായുണ്ടായ ചില തര്‍ക്കങ്ങള്‍ തന്നെ കാരണം. അക്ഷയ് കുമാറുമായി നേരത്തെ പ്രതിഫലത്തിന്റെ കാര്യത്തില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. അതിനാല്‍ പുതിയ ആംഖേനില്‍ അക്ഷയ് ഉണ്ടാവാനിടയില്ല. കൂടാതെ സുസ്മിതയും അര്‍ജുനും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന പ്രണയഗാനരംഗവും ഒഴിവാക്കിയിട്ടുണ്ട്.

അമിതാഭ് ബച്ചന്‍ ഒഴികെയുള്ള എല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്ന് ഗൗരംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ, കാനഡ, ഇംഗ്ലണ്ട് എന്നിവിടങ്ങളായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

Malayalam news

Kerala news in English