മുംബൈ: കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനായ ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന് വീണ്ടും ശസ്ത്രക്രിയ നടത്തേണ്ട ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നേരത്തെ രണ്ട് ഉദരശസ്ത്രക്രിയയ്ക്ക് വിധേയനായ ബച്ചന്‍ വേദനയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് മറ്റൊരു ശസ്ത്രക്രിയകൂടി വേണ്ടിവരുമെന്ന സൂചന നല്‍കിയത്. എന്നാല്‍ അദ്ദേഹത്തിന് വേദന കുറഞ്ഞെന്നും ആരോഗ്യനില മെച്ചപ്പെട്ടന്നുമാണ് സെവന്‍ ഹില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നല്‍കുന്ന പുതിയവിവരം.

‘ മറ്റൊരു സര്‍ജറികൂടി വേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പരിശോധനയ്ക്കുശേഷം അതിന്റെ ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചു. അദ്ദേഹം ഇപ്പോള്‍ സുഖമായിരിക്കുന്നു.’ ആശുപത്രി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

Subscribe Us:

കഴിഞ്ഞയാഴ്ച ബ്ലോഗിലൂടെയാണ് ബച്ചന്‍  അസുഖവിവരം ആരാധകരെ അറിയിച്ചത്. പിന്നീട് ചില പ്രശ്‌നങ്ങളുള്ളതിനാല്‍ തന്റെ ആശുപത്രിവാസം നീളുമെന്ന് ബിഗ്ബി ട്വിറ്ററിലൂടെ അറിയിച്ചു.

ശനിയാഴ്ചയാണ് ബച്ചന്‍ ചെറുകുടലില്‍ ശസ്ത്രക്രിയക്ക് വിധേയനായത്. എന്നാല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് അദ്ദേഹത്തിന് വീണ്ടും വേദന അനുഭവപ്പെട്ടു. തുടര്‍ന്നാണ് വീണ്ടും ശസ്ത്രക്രിയ നടത്തുമെന്ന വാര്‍ത്ത പുറത്തുവന്നത്. ശസ്ത്രക്രിയ നടന്ന സ്ഥലങ്ങളില്‍ രക്തം കട്ടപ്പിടിക്കുന്നതാണ് ബച്ചന്റെ പ്രശ്‌നമെന്നും റിപ്പോര്‍ട്ടുണ്ട്.

1982ല്‍ കൂലി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു ചെറുകുടലിനു പരിക്കേല്‍ക്കുന്നത്. പരിക്ക് അന്നു ചികിത്സിച്ചു ഭേദമായെങ്കിലും വീണ്ടും വേദനയുണ്ടായപ്പോള്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

അതേസമയം, ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും തനിക്ക് ശക്തമായ പിന്തുണ നല്‍കുകയും ചെയ്യുന്ന ആരാധകരോടുള്ള നന്ദി ബച്ചന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ‘ രോഗം ഭേദമാകാന്‍ എത്രകാലമെടുക്കുമെന്ന് എനിക്കറിയില്ല. ഇതിന് കുറേക്കാലമാകുമെന്നാണ് തോന്നുന്നത്… നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി..’ ബച്ചന്‍ പറഞ്ഞു.

സെവന്‍സ്റ്റാര്‍ ആശുപത്രിയുടെ അഞ്ചാംനിലയിലാണ് ബച്ചനിപ്പോള്‍. ഭാര്യ ജയാബച്ചനും, മകള്‍ ശ്വേത നന്ദയുമാണ് ബിഗ് ബിയുടെ കൂട്ടിനുള്ളത്. മകന്‍ അഭിഷേകും, മരുമകള്‍ ഐശ്വര്യയും ഇടയ്ക്കിടെ ആശുപത്രിയിലെത്തുന്നുണ്ട്.

Malayalam News

Kerala News In English