ഹിന്ദി സിനിമകള്‍ക്ക് ഇത് നല്ലകാലമാണെന്നാണ് അമിതാഭ് ബച്ചന്‍ പറയുന്നത്. അതിന് കാരണം മറ്റൊന്നുമല്ല. നൂറ് കോടി ക്ലബ്ബില്‍ കയറുന്ന ചിത്രങ്ങളുടെ പട്ടിക നാള്‍ക്ക് നാള്‍ വര്‍ധിക്കുകയാണ്. അതില്‍ താന്‍ ഏറെ സന്തോഷിക്കുന്നെന്നും ബിഗ് ബി പറഞ്ഞു.

Ads By Google

Subscribe Us:

‘ഹിന്ദി സിനിമാ ലോകത്തെ സംബന്ധിച്ച് മുന്‍പെങ്ങുമില്ലാത്തത്ര മികച്ച സമയമാണ് ഇത്. പുറത്തിറങ്ങുന്ന ചിത്രങ്ങളില്‍ പകുതിയിലധികവും മികച്ച വിജയമാണ് നേടുന്നത്. അതില്‍ തന്നെ മുടക്കിയ പണവും അതിന്റെ ഇരട്ടിയിലധികവും പല ചിത്രങ്ങളും തിരിച്ചുപിടിച്ചിട്ടുണ്ട്.

ഒരു ചിത്രം പുറത്തിറങ്ങി അത് നൂറ് കോടി വരുമാനം ഉണ്ടാക്കുകയെന്ന് പറയുന്നത് നിസാര കാര്യമല്ല. എന്നാല്‍ കഴിഞ്ഞ കുറേ നാളായി ബോളിവുഡില്‍ നടക്കുന്നത് അതാണ്.

കഴിഞ്ഞ വര്‍ഷം സിനിമകള്‍ക്കെല്ലാം മോശം സമയമായിരുന്നെന്നാണ് തോന്നുന്നത്. പ്രതീക്ഷയോടെ ബോക്‌സ് ഓഫീസില്‍ ഇറങ്ങിയ പല ചിത്രങ്ങളും പരാജയപ്പെടുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ അതല്ല’- ബിഗ് ബി പറഞ്ഞു.

കോന്‍ ബനേഗാ ക്രോര്‍പതിയെന്ന ഗെയിം ഷോയുടെ ആറാം സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ് അമിതാഭ് ബച്ചന്‍. ഈ ഗെയിം ഷോ വെറും ഷോ മാത്രമല്ലെന്നും ഒത്തിരി വിവരങ്ങള്‍ ഈ മത്സരത്തിലൂടെ തനിയ്ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും ഇവിടെ നിന്നും ലഭിച്ചത്ര വിവരങ്ങള്‍ ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ലഭിച്ചിട്ടില്ലെന്നും അമിതാഭ് പറഞ്ഞു.

2000 ത്തില്‍ സ്റ്റാര്‍ പ്ലസില്‍ ആരംഭിച്ച ഷോ പിന്നീട് സോണി ചാനലിലേക്ക് മാറ്റുകയായിരുന്നു. സെപ്റ്റംബര്‍ 7 നാണ് ആറാം സീസണിന്റെ പ്രദര്‍ശനം തുടങ്ങുക.