കളിക്കാര്‍ക്കെതിരെ ആരെങ്കിലുമൊന്ന് മൂളിയാല്‍ വാളെടുക്കുന്നവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍. എന്നാല്‍ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ ഇന്ത്യന്‍ കളിക്കാരെ കഴുതകളെന്ന് വിളിച്ചപ്പോള്‍ ആരും ഒരക്ഷരം മിണ്ടിയില്ല്. ഇംഗ്ലണ്ട് പരമ്പരയില്‍ ടീമിനേറ്റ കടുത്ത പരാജയമാവാം ആരാധകരുടെ ഈ പിന്മാറ്റത്തിന് കാരണം. പക്ഷെ എന്നും കളിക്കാരുടെ ഒപ്പം നിന്ന് ബിഗ് ബി ഇതിനെതിരെ മിണ്ടാതിരിക്കാന്‍ തയ്യാറല്ല.

ഹുസൈന്റെ കഴുത പരാമര്‍ശത്തില്‍ താന്‍ ക്ഷുഭിതനാണെന്ന് ട്വീറ്റ് ചെയ്തതിലൂടെ താന്‍ ടീം ഇന്ത്യയെ കൈവിട്ടിട്ടില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് അമിതാഭ്. ഇന്ത്യന്‍ ടീമിനെതിരെ ഹുസൈന്‍ നടത്തിയ പരാമര്‍ശം ശരിയായില്ലഅമിതാഭ് ട്വീറ്റ് ചെയ്തു.

ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി 20 മത്സരത്തിനിടെ ഇന്ത്യന്‍ ഫീല്‍ഡര്‍മാരെ കഴുതകളെന്ന് വിശേഷിപ്പിച്ച കമന്റേറ്റര്‍ നാസര്‍ ഹുസൈനെതിരെ അന്വേഷണം നടത്തുമെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല നേരത്തെ അറിയിച്ചിരുന്നു.

ഫീല്‍ഡിങ്ങാണ് ഇന്ത്യയേയും ഇംഗ്ലണ്ടിനേയും വ്യത്യസ്തരാക്കുന്നത്. ഇംഗ്ലണ്ടിന് ഒരു മികച്ച ഫീല്‍ഡിങ് നിരയുണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് മൂന്നോ നാലോ മികച്ച ഫീല്‍ഡര്‍മാരെയുള്ളൂ, ബാക്കിയുള്ളവര്‍ കഴുതകളാണെന്നായിരുന്നു നാസര്‍ ഹുസൈന്‍ പറഞ്ഞത്.