ന്യൂദല്‍ഹി: ദല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് വിജയം ജനങ്ങള്‍ മോദി സര്‍ക്കാരിനെ അംഗീകരിച്ചതിന് തെളിവാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനത്തിലൂടെയാണ് പാര്‍ട്ടി സംസ്ഥാനത്ത് മികച്ച വിജയം നേടിയതെന്നും ആം ആദ്മി തങ്ങളുടെ പ്രവര്‍ത്തനത്തെ വിലയിരുത്തിയാല്‍ വിജയം കാരണം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.


Also read പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ആസ്സാമില്‍ രണ്ട് മുസ്‌ലിം കുട്ടികളെ അടിച്ചുകൊന്നു 


ദല്‍ഹി കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 272 ല്‍ 181 സീറ്റ് നേടിയിരുന്നു. സംസ്ഥാനത്തെ ഭരണ കക്ഷിയായ എ.എ.പിയ്ക്ക് 47 സീറ്റ് മാത്രമേ ലഭിച്ചിരുന്നുള്ളു. എ.എ.പിയുടെ പരാജയം അരാജകത്വത്തിന്റെ അവസാനമാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

ഇലക്ട്രാണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചു എന്ന അരവിന്ദ് കേജ്‌രിവാളിന്റെ പ്രസ്ഥാവനക്കെതിരെ പ്രതികരിച്ച ഷാ യഥാര്‍ത്ഥ കാരണമറിയാന്‍ ഞങ്ങളുടെ ബൂത്ത് ചുമതലയുള്ളയാളെ കാണാനും അവിശ്യപ്പെട്ടു. ‘കെജ്‌രിവാള്‍ തെരഞ്ഞെടുപ്പ് പരാജയത്തിന് ഇ.വി.എമ്മിനെയാണ് കുറ്റപ്പെടുത്തുന്നത്. പക്ഷേ യഥാര്‍ത്ഥ കാരണം അറിയണമെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ ബൂത്ത് ചാര്‍ജ്ജുള്ള പ്രവര്‍ത്തകരെ കാണു’ അദ്ദേഹം പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പ് 70 ല്‍ 67 സീറ്റും നേടി സംസ്ഥാനത്ത് അധികാരത്തിലെത്തിയ ആം ആദ്മി സമീപകാല തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഉടച്ച് വാര്‍ക്കാനുള്ള ശ്രമത്തിലാണ്. അതേസമയം ബി.ജെ.പിയുടെ വിജയം വരുന്ന അസംബ്ലി ഇലക്ഷനിലെ വലിയ വിജയത്തിനുള്ള തുടക്കമാണെന്നാണ് അമിത് ഷാ പറയുന്നത്.