എഡിറ്റര്‍
എഡിറ്റര്‍
വീണ്ടും ബി.ജെ.പിയുടെ യൂടേണ്‍:’ ജോലി നല്‍കുമെന്നൊന്നും ഞങ്ങള്‍ പറഞ്ഞിട്ടേയില്ല: അതൊന്നും നടക്കുന്ന കാര്യമല്ല’ അമിത് ഷാ
എഡിറ്റര്‍
Thursday 23rd February 2017 10:34am

ന്യൂദല്‍ഹി: സ്വിസ് ബാങ്കിലെ കള്ളപ്പണം തിരിച്ചെത്തിക്കുമെന്ന വാഗ്ദാനത്തില്‍ നിന്നും യൂടേണ്‍ അടിച്ചതിനു പിന്നാലെ മറ്റൊരു തെരഞ്ഞെടുപ്പു വാഗ്ദാനം കൂടി ബി.ജെ.പി തള്ളിപ്പറയുന്നു. അധികാരത്തിലെത്തിയാല്‍ ഒരു കോടി യുവാക്കള്‍ക്കു തൊഴില്‍ നല്‍കുമെന്ന ഉറപ്പില്‍ നിന്നാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ഇപ്പോള്‍ പിന്തിരിഞ്ഞിരിക്കുന്നത്.

ജോലി നല്‍കുമെന്നൊന്നും തങ്ങള്‍ പറഞ്ഞിട്ടില്ല തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നു മാത്രമാണ് പറഞ്ഞതെന്ന് വാദിച്ചുകൊണ്ടാണ് അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്.

‘100കോടിയിലേറെ ജനസംഖ്യയുള്ള രാജ്യത്ത് എല്ലാവര്‍ക്കും ജോലി നല്‍കുകയെന്നത് നടക്കുന്ന കാര്യമല്ല. എല്ലാവര്‍ക്കും ജോലിയെന്ന വാക്കേ ഞങ്ങള്‍ പറഞ്ഞിട്ടില്ല. തൊഴില്‍അവസരം എന്ന വാക്കാണ് ഞങ്ങള്‍ ഉപയോഗിച്ചത്. ഇതിനായി ഞങ്ങള്‍ മുദ്രാ ബേങ്ക് കൊണ്ടുവന്നിട്ടുണ്ട്.’ ടൈംസ് നൗ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Must Read:നാല് വര്‍ഷം ഡോക്ടറായി സേവനം; മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലെ വ്യാജ ഡോക്ടര്‍ പിടിയില്‍ 


ബി.ജെ.പിയെ വോട്ടു ചെയ്ത് അധികാരത്തിലെത്തിച്ചാല്‍ രാജ്യത്തെ ഒരു കോടി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രി തെരഞ്ഞെടുപ്പു പ്രചരണ വേളയില്‍ ഉറപ്പുനല്‍കിയിരുന്നത്.

‘ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഞങ്ങള്‍ ഒരു കോടി ജോലി നല്‍കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ യു.പി.എ സര്‍ക്കാര്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയെങ്കിലും അവര്‍ക്കതിനു കഴിഞ്ഞിട്ടില്ല.’ എന്നായിരുന്നു 2013 നവംബര്‍ 21ന് ആഗ്രയില്‍ നടന്ന തെരഞ്ഞൈടുപ്പു റാലിയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന മോദി ഉറപ്പുനല്‍കിയത്.

മോദിയുടെ ഈ ഉറപ്പിനെയാണ് ഇപ്പോള്‍ അമിത് ഷാ തള്ളിപ്പറഞ്ഞിരിക്കുന്നത്. അതേസമയം മുദ്രാ യോജന വഴി നാലുകോടി യുവാക്കള്‍ക്ക് തൊഴില്‍ അവസരം ലഭിച്ചെന്നും അമിത് ഷാ അവകാശപ്പെടുന്നു.

നേരത്തെ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സ്വിസ് ബാങ്കിലെ കള്ളപ്പണം തിരികെക്കൊണ്ടുവന്ന് ഓരോരുത്തരുടെയും അക്കൗണ്ടില്‍ 15ലക്ഷം നിക്ഷേപിക്കുമെന്ന് മോദി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ സ്വിസ് ബാങ്കില്‍ നിന്നുള്ള കള്ളപ്പണം പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു മാത്രമല്ല കള്ളപ്പണമുള്ളവരുടെ ലിസ്റ്റ് പരസ്യമാക്കാന്‍ കൂടി തയ്യാറായിട്ടില്ല.

Advertisement