മുംബൈ: ചാംപ്യന്‍സ് ട്രോഫി പോലെയുള്ള രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് കളിക്കേണ്ടി വന്നാല്‍ തടയില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. അതേസമയം അതിര്‍ത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കാതെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് പരമ്പരയുണ്ടാകില്ലെന്നും അദ്ദേഹം മുംബൈയില്‍ പറഞ്ഞു.

ചാംപ്യന്‍സ് ട്രോഫി പോലുള്ള ടൂര്‍ണമെന്റുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ക്രിക്കറ്റ് കളിക്കേണ്ടി വന്നേക്കാമെങ്കിലും ഇന്ത്യന്‍ ടീം പാകിസ്ഥാനിലോ പാകിസ്ഥാന്‍ ടീം ഇന്ത്യന്‍ മണ്ണിലോ കളിക്കില്ലെന്നും അത്തരം സാഹചര്യം വന്നാല്‍ എതിര്‍ക്കുമെന്നും ഷാ പറഞ്ഞു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് അമിത് ഷാ.


Also Read: ശ്രീറാം വെങ്കിട്ടരാമന് തടയിടാന്‍ സര്‍ക്കാര്‍; ദേവികുളം സബ് കളക്ടര്‍ നോട്ടീസ് നല്‍കിയ ഭൂമി ഒഴിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്


വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനൊരുങ്ങുന്ന ഫൈനല്‍ മത്സരത്തിന് തൊട്ട് മുന്‍പാണ് അമിത് ഷായുടെ പ്രസ്താവന. മുംബൈയിലെ ബി.ജെ.പി ഘടകത്തെ ശക്തിപ്പെടുത്താനായാണ് അമിത് ഷാ എത്തിയത്.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനിടെ ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുമെന്ന് അമിത് ഷാ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.