Administrator
Administrator
ഗുജറാത്ത് ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവെച്ചു
Administrator
Saturday 24th July 2010 10:07am

അഹമ്മദാബാദ്: സൊഹ്‌റബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ ഗുജറാത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെച്ചു. അമിത്ഷായെ പ്രതി ചേര്‍ത്ത് കൊണ്ട് സി ബി ഐ പ്രത്യേക കോടതിയില്‍ ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മന്ത്രി രാജി വെച്ച സാഹചര്യത്തില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. കേസില്‍ അമിത് ഷാ നല്‍കിയ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു.

കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് അമിത്ഷാക്കെതിരെ ചുമത്തിയിട്ടുള്ളത്. അമിത്ഷാ രാജി വെച്ച സാഹചര്യത്തില്‍ ഇന്ന് തന്നെ സി ബി ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. അതേ സമയം അമിത് ഷാ നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രി നരേന്ദ്ര മോഡി ആരോപിച്ചു.

വ്യാഴാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചാണ് അമിത്ഷായ്ക്ക് സി ബി ഐ, ആദ്യം സമന്‍സയച്ചത്. എന്നാല്‍ അദ്ദേഹം എത്തിയില്ല. തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കകം ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും സമന്‍സ് നല്‍കി. അമിത്ഷായ്ക്കു പകരം അഭിഭാഷകനായ മിതീഷ് അമീനാണ് എത്തിയത്. സമയം നീട്ടിക്കിട്ടണമെന്നും ചോദ്യാവലിയുടെ പകര്‍പ്പ് വേണമെന്നും അഭിഭാഷകന്‍ സി.ബി.ഐ.യോട് ആവശ്യപ്പെട്ടു. പക്ഷേ, സി.ബി.ഐ. ഈ ആവശ്യം തള്ളുകയായിരുന്നു.

തുടര്‍ന്നാണ് സൊഹ്‌റാബുദ്ദീന്‍ ശൈഖിനെയും ഭാര്യ കൗസര്‍ബിയെയും വ്യാജഏറ്റുമുട്ടലില്‍ വധിച്ച കേസില്‍ അമിത്ഷായെ പ്രതിയാക്കിക്കൊണ്ട് സി ബി ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മന്ത്രിയുള്‍പ്പെടെ 14 പേരാണ് പ്രതിസ്ഥാനത്തുള്ളത്. ഈ കേസില്‍ അമിത്ഷായ്ക്ക് പങ്കുണ്ടെന്നതിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി 30,000 പേജുകളടങ്ങുന്ന കുറ്റപത്രത്തില്‍ സി ബി ഐ ആരോപിക്കുന്നു. ഏറ്റുമുട്ടല്‍ നടക്കുന്ന വിവരം മന്ത്രിക്ക് അറിയാമായിരുന്നു. ഗുണ്ടാത്തലവനെന്നാരോപിച്ച് സൊഹ്‌റാബുദ്ദീന്‍ ശൈഖിനെ വധിക്കാന്‍ അദ്ദേഹം പോലീസുദ്യോഗസ്ഥര്‍ക്ക് അനുമതിയും നല്‍കി കുറ്റപത്രത്തില്‍ പറയുന്നു.

ഡി.ഐ.ജി. ഡി.ജി.വന്‍സാര, എസ്.പി.മാരായ രാജ്കുമാര്‍ പാണ്ഡ്യന്‍, എം.എന്‍.ദിനേശ്, ഡി.എസ്.പി.മാരായ എം.എല്‍.പാര്‍മര്‍, എന്‍.കെ.അമീന്‍ എന്നിവരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനെ ലഷ്‌കറെ തയിബ ബന്ധം ആരോപിച്ചു പിടികൂടി വ്യാജ ഏറ്റുമുട്ടല്‍ കഥ ചമച്ചു പൊലീസ് വധിച്ചുവെന്നാണു കേസ്. ഹൈദരാബാദിലേക്കു ബസില്‍ പോവുകയായിരുന്ന സൊഹ്‌റാബുദ്ദീന്‍, ഭാര്യ കൗസര്‍ബി, സഹായി തുള്‍സിറാം പ്രജാപതി എന്നിവരെ ഗുജറാത്ത് ആന്ധ്രപ്രദേശ് സംയുക്ത പൊലീസ് സംഘം മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ 2005 നവംബര്‍ 22നാണു പിടികൂടിയത്. 26ന് സൗഹ്‌റബുദ്ധീനും കൗസര്‍ബിയും കൊല്ലപ്പെട്ടു. ഒരു വര്‍ഷത്തിനകം സാക്ഷിയായ തുള്‍സിറാം പ്രജാപതിയും കൊല്ലപ്പെട്ടു.

സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സി ബി ഐ അന്വേഷണം ആരംഭിച്ചത്. കേസില്‍ ഡി ഐ ജിയും എസ് പിയും ഉള്‍പ്പെടെ അരഡസനോളം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലാവുകയും സസ്ണ്ടപെന്റ് ചെയ്യപ്പെടുകയും ചെയ്തു.

സൊഹ്‌റാബുദ്ദീന്‍ ഗുണ്ടാത്തലവനാണെന്നും ഇയാള്‍ക്ക് ലഷ്‌കര്‍ ബന്ധമുണ്ടെന്നും നരേന്ദ്രമോഡിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നുമാണ് ഗുജറാത്ത് പോലീസ് വാദിച്ചത്. എന്നാല്‍ സംഭവം വിവാദമായതിനെത്തുടര്‍ന്ന് സൊഹ്‌റാബുദ്ദീനും കൗസര്‍ബിയും തെറ്റിദ്ധാരണമൂലമാണ് വധിക്കപ്പെട്ടതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചു.

Advertisement