എഡിറ്റര്‍
എഡിറ്റര്‍
‘അമിത് ഷാ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ സഞ്ചരിക്കാറില്ല, പാര്‍ട്ടി പ്രവര്‍ത്തകരുടെ വീട്ടിലേ ഉറങ്ങൂ’ ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്റെ തള്ള് തെളിവുസഹിതം പൊളിച്ചടുക്കി ആള്‍ട്ട് ന്യൂസ്
എഡിറ്റര്‍
Tuesday 25th July 2017 10:49am

ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ലളിത ജീവിതം നയിക്കുന്നയാളായി ചിത്രീകരിച്ചുകൊണ്ട് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് നല്‍കിയ റിപ്പോര്‍ട്ടിന് തെളിവുസഹിതം പൊളിച്ചടുക്കി ആള്‍ട്ട് ന്യൂസ്.

‘അമിത് ഷാ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ സഞ്ചരിക്കാറില്ല, ഹോട്ടലുകള്‍ താമസിക്കാറില്ല, പാര്‍ട്ടി പ്രവര്‍ത്തകരുടെ വീട്ടിലേ താമസിക്കൂ’ തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് അമിത് ഷായെ ലളിത ജീവിതം നയിക്കുന്ന വ്യക്തിയായി ചിത്രീകരിച്ചത്. എന്നാല്‍ അമിത് ഷാ പലതവണ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ സഞ്ചരിച്ചെന്ന വസ്തുത തെളിവുകള്‍ സഹിതം നിരത്തിയാണ് ആള്‍ട്ട് ന്യൂസ് വ്യാജ വാര്‍ത്തയെ തുറന്നുകാട്ടുന്നത്.

അമിത് ഷായെക്കുറിച്ച് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് നല്‍കിയറിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെ:

‘ അമിത് ഷാ തെരഞ്ഞെടുപ്പു കാമ്പെയ്‌നുകള്‍ക്കൊഴികെ വിമാനങ്ങളില്‍ സഞ്ചരിക്കാറില്ല. ഭാരതീയ ജനതാ പാര്‍ട്ടി സാധാരണയായി കോമേഴ്‌സ്യല്‍ വിമാനങ്ങളാണ് യാത്രയ്ക്കു തെരഞ്ഞെടുക്കാറുള്ളത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ പോലെയുള്ള വിദൂര ദേശങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ പോലും അമിത് ഷാ ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പവാന്‍ ഹാന്‍സ് ചോപ്പറുകളില്‍ മറ്റു യാത്രക്കാര്‍ക്കൊപ്പമാണ് സഞ്ചരിക്കാറ് എന്നതാണ് അത്ഭുതപ്പെടുത്തുന്ന വസ്തുത. ഔദ്യോഗിക യാത്രയില്‍ ആയാല്‍ പോലും ഷാ ഹോട്ടലുകളില്‍ മുറിയെടുക്കാറില്ല. പകരം പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ അന്തിയുറങ്ങുകയാണ് ചെയ്യു. ഇത്രയും പ്രധാനിയായ ഒരു വ്യക്തി എന്തുകൊണ്ടാണ് ഇത്രയും ലളിതമായ ജീവിതം നയിക്കുന്നതെന്ന വസ്തുത ചിലരെയെങ്കിലും അത്ഭുതപ്പെടുത്തും.’

വ്യാജപ്രചരണത്തെ പൊളിച്ചടുക്കി ആള്‍ട്ട് ന്യൂസ് നല്‍കിയ തെളിവുകള്‍:

1. ഈവര്‍ഷം ഫെബ്രുവരിയില്‍ മാധ്യമപ്രവര്‍ത്തകനായ രാഹുല്‍ കന്‍വാല്‍ അമിത് ഷായുമൊത്തുള്ള എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂയുടെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഇരുവരും ഒരു പ്രൈവറ്റ് ജെറ്റില്‍ അഭിമുഖമായി ഇരുന്ന് സംസാരിക്കുന്നതായിരുന്നു ചിത്രം.

2. ഈവര്‍ഷം മാര്‍ച്ചില്‍ അമിത് ഷായും വെങ്കയ്യ നായിഡുവും ഇംഫാലില്‍ ബൈറണ്‍ സിങ്ങിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി പോയ ചാര്‍ട്ടേര്‍ഡ് വിമാനം തകരാറിനെത്തുടര്‍ന്ന് ദല്‍ഹിയിലേക്കു തിരിച്ചെന്ന വാര്‍ത്ത.

3. മാര്‍ച്ച് 2017ല്‍ മോദിയും അമിത് ഷായും സോംനാഥിലുണ്ടായിരുന്നു. ‘വാരാണസിയില്‍ നിന്നും 10 സീറ്റുള്ള ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് അമിത് ഷാ എത്തിയത് ‘ എന്നാണ് വാര്‍ത്തയില്‍ പറയുന്നത്.

4. ഷാ ഹെലികോപ്റ്ററില്‍ ഹരിദ്വാറിലേക്കു പോകുന്ന വീഡിയോ.

5. 2016ല്‍ ഇന്ത്യ വന്‍ വരള്‍ച്ച നേരിടുന്നസാഹചര്യത്തില്‍ ഹരിയാനയില്‍
അമിത് ഷായുടെ ഹെലികോപ്റ്റര്‍ ലാന്റ് ചെയ്യാനായി ഹെലിപാഡ് നനയ്ക്കാന്‍ ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം ഉപയോഗിച്ചതായുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍.

6. കഴിഞ്ഞമാസം അമിത് ഷായുമായി തിരിച്ച ഹെലികോപ്റ്റര്‍ തിരുവണ്ണാമലൈ സര്‍ക്കാര്‍ ആര്‍ട്‌സ് കോളജ് പരിധിയിലെ താല്‍ക്കാലിക ഹെലിപാഡില്‍ ഇറങ്ങിയെന്ന വാര്‍ത്ത.

7. ഹോട്ടലുകളുടെ കാര്യത്തില്‍ അമിത് ഷാ ബംഗളുരുവിലെ താജ് ഹോട്ടലില്‍ തങ്ങിയ വീഡിയോയാണിത്.

Advertisement