അഹമ്മദാബാദ്: വ്യാജ ഏറ്റുമുട്ടലിലൂടെ ഷൊറാബുദ്ദീന്‍ ഷെയ്ഖിനെ കൊലപ്പെടുത്തിയ കേസില്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷാ അറസ്റ്റിലായി. ഗാന്ധിനഗറിലെ സി ബി ഐ ഓഫീസില്‍ എത്തിയപ്പോഴാണ് ഷായെ അറസ്റ്റ് ചെയ്തത്. ഷായെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

വളരെ നാടകീയമായായിരുന്നു അമിത് ഷാ ഇന്ന് അഹമ്മദാബാദിലെ ബി ജെ പി ആസ്ഥാനത്തെത്തി മാധ്യമപ്രവര്‍ത്തകരെ കണ്ടത്. സി ബി ഐ തനിക്കെതിരേ വ്യാജമായ തെളിവുകളും രേഖകളും സൃഷ്ടിക്കുകയായിരുന്നെന്ന് ഷാ ആരോപിച്ചിരുന്നു. വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഷാ സമര്‍പ്പിച്ച ഹരജി സി ബി ഐ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഷാ ആഭ്യന്തര സഹമന്ത്രി സ്ഥാനത്തുനിന്നും രാജിവച്ചിരുന്നു.

കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന,തുടങ്ങിയ കുറ്റങ്ങളാണ് ഷാക്കെതിരെ സി ബി ഐ ചുമത്തിയിരിക്കുന്നത്. മന്ത്രിയുള്‍പ്പടെ 14 പേരാണ് പ്രതിസ്ഥാനത്തുള്ളത്. ഡി ഐ ജി ഡി ജി വന്‍സാര, എസ് പി മാരായ രാജ്കുമാര്‍ പാണ്ഡ്യന്‍, എം എന്‍ ദിനേശ്, ഡി എസ് പിമാരായ എം എല്‍ പാര്‍മര്‍, എന്‍ കെ അമീന്‍ എന്നിവരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ലഷ്‌കര്‍ ബന്ധം സംശയിച്ച് പിടികൂടി ഷൊറാബുദ്ദീന്‍ ഷെയ്ഖിനെ 2005 നവംബര്‍ 26 ന് വ്യാജഏറ്റുമുട്ടലിലൂടെ വധിച്ചുവെന്നാണ് കേസ്. ഭാര്യ കൗസര്‍ബിയെയും ഇതിന് സാക്ഷിയായ തുളസീറാം പ്രജാപതിയെയും പോലീസ് വധിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.