എഡിറ്റര്‍
എഡിറ്റര്‍
അമിര്‍ കള്ളം പറയുകയാണെന്ന് സല്‍മാന്‍ ഭട്ടിന്റെ അച്ഛന്‍
എഡിറ്റര്‍
Wednesday 21st March 2012 1:20pm

ലാഹോര്‍: ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് പരമ്പരയില്‍ വാതുവെപ്പ് നടത്തിയതിന്റെ പേരില്‍ ജയിലിലായ പാക്കിസ്ഥാന്‍ ബൗളര്‍ മുഹമ്മദ് അമിറിനെതിരെ മുന്‍ പാക്ക് ക്യാപ്റ്റന്‍ സല്‍മാന്‍ ഭട്ട് രംഗത്ത്. കരിയര്‍ വീണ്ടെടുക്കാനായി അമിര്‍ എല്ലാ കുറ്റവും സല്‍മാന്‍ ഭട്ടിന്റെ തലയില്‍ വയ്ക്കുകയാണെന്നാണ് ഭട്ടിന്റെ അച്ഛന്റെ ആരോപണം.

2010 ആഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ലോഡ്‌സില്‍ നടന്ന ടെസ്റ്റില്‍ സല്‍മാന്‍ ഭട്ട് തന്നെ ട്രാപ്പില്‍ അകപ്പെടുത്തുകയായിരുന്നെന്നാണ് ബ്രിട്ടീഷ് ജയിലില്‍ നിന്നും പുറത്തിറങ്ങിയശേഷം ആദ്യത്തെ ഇന്റര്‍വ്യൂയില്‍ അമിര്‍ പറഞ്ഞത്.

തിങ്കളാഴ്ച സൈ സ്‌പോട്‌സ് സംപ്രേഷണം ചെയ്ത ഇന്റര്‍വ്യൂയില്‍ സല്‍മാന്‍ ഭട്ടിനോട് തനിക്ക് ദേഷ്യമുണ്ടെന്ന് അമിര്‍ തുറന്നടിച്ചിരുന്നു. ഇതിലെല്ലാം തന്നെ വലിച്ചിഴക്കുന്നതിന് പകരം അദ്ദേഹം തന്നെ സഹായിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നാണ് അമിര്‍ പറഞ്ഞത്.

ഇതിനെതിരെയാണ് ഭട്ടിന്റെ അച്ഛന്‍ സുല്‍ഫിഖര്‍ രംഗത്തെത്തിയിരിക്കുന്നത്. അമിര്‍ കള്ളം പറയുകയാണെന്നാണ് സുല്‍ഫിക്കര്‍ ആരോപിക്കുന്നത്. ‘ഐ.സി.സി ട്രൈബ്യൂണലിന് മുമ്പിലും, കഴിഞ്ഞവര്‍ഷം യു.കെ കോടതിയിലും അമിര്‍ പറഞ്ഞത് ഭട്ട് തന്നെ നോബോള്‍ എറിയാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നാണ്. ഭട്ട് ചതിക്കുകയായിരുന്നെന്ന് ഇപ്പോള്‍ പറയുന്നു. അന്ന് പറഞ്ഞതാണോ ഇന്ന് പറഞ്ഞതാണോ സത്യമെന്ന് അമിര്‍ വ്യക്തമാക്കണം. എനിക്ക് ഉറപ്പാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത് കള്ളമാണെന്ന്’ സുല്‍ഫിഖര്‍ പറഞ്ഞു.

വിലക്ക് കഴിഞ്ഞാല്‍ അമിറിനെ ടീമിലെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. ടീമിലെത്തി തന്റെ കരിയര്‍ പടുത്തുയര്‍ത്താനാണ് അമിര്‍ കള്ളം പറയുന്നതെന്നാണ് സുല്‍ഫിഖറിന്റെ ആരോപണം.

‘തനിക്ക് കരിയര്‍ വീണ്ടെടുക്കണമെന്ന് അമിര്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അതിനുവേണ്ടിയാണ് അദ്ദേഹം എന്റെ മകനെ കുറ്റപ്പെടുത്തുന്നത്. അമിര്‍ ഞങ്ങള്‍ക്ക് വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണ്.’ സുല്‍ഫഖര്‍ പറഞ്ഞു.

തങ്ങളുടെ ചീത്തസമയം പെട്ടെന്ന് തന്നെ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒത്തുകളി ആരോപണം തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് ഭട്ട് മുപ്പത് മാസത്തെ തടവിനും, അമിര്‍ ഒരു വര്‍ഷത്തെ തടവിനും ശിക്ഷിക്കപ്പെട്ടിരുന്നു.

Malayalam News

Kerala News In English

Advertisement