ന്യൂദല്‍ഹി: അഴിമതി തടയാന്‍ ശക്തമായ നിയമം വേണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന അണ്ണ ഹസാരെയ്ക്ക് ബോളിവുഡിന്റെ പിന്തുണ. ലോകകപ്പ് മത്സരത്തിനായി ഒരുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നല്‍കിയതിനേക്കാള്‍ പിന്തുണ അദ്ദേഹത്തിന് നല്‍കണമെന്ന് പറഞ്ഞ്‌ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമീര്‍ ഖാന്‍ രംഗത്തെത്തിയിരിക്കുകയാണ്.

രാജ്യം അഭിമുഖീകരിക്കുന്ന മറ്റെന്ത് പ്രശ്‌നത്തേക്കാള്‍ വലുത് അഴിമതിയ്‌ക്കെതിരായ സമരമാണ്. ഇത് രാജ്യത്തുള്ള എല്ലാജനങ്ങളെയും ബാധിക്കുന്നതാണെന്നും ഹസാരെയ്ക്കയച്ച കത്തില്‍ അമീര്‍ ഖാന്‍ വ്യക്തമാക്കി. യുവാക്കള്‍ക്ക് പുതിയ പ്രചോദനം എന്നാണ് ഹസാരെയെ അദ്ദേഹം വിശേഷിപ്പിച്ചത്. ഹസാരെയുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് പറഞ്ഞ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് നടന്‍ കത്തയച്ചിട്ടുമുണ്ട്.

‘അഴിമതിയുടെ ദുരിതം അനുഭവിക്കുന്ന കോടിക്കണക്കിന് ആളുകളില്‍ ഒരാളാണ് ഞാന്‍. കഴിഞ്ഞ മൂന്നാല് മാസങ്ങളായി ഞെട്ടിക്കുന്ന അഴിമതി വാര്‍ത്തകളാണ് പുറത്തുവരുന്നത്. അഴിമതിയ്‌ക്കെതിരെ വന്‍ നടപടി ആവശ്യമാണെന്നാഗ്രഹിക്കുന്ന കുറേയാളുകളില്‍ ഒരാളാണ് ഞാന്‍’ അമീര്‍ പ്രധാനമന്ത്രിക്ക് എഴുതി.

‘മനുഷ്യത്വത്തിന്റെ പേരില്‍ അന്ന ഹസാരെയുടെ വാക്കുകള്‍ ശ്രദ്ധിക്കണമെന്ന് ഞാന്‍ അങ്ങയോട് ആവശ്യപ്പെടുന്നു. രാജ്യം മുഴുവനും ഹസാരെയ്ക്ക് പിന്തുണ നല്‍കുകയാണ്. അദ്ദേഹത്തിന്റെ സമരത്തെ പിന്തുണക്കുന്ന ഒരുപാട് പേരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍.’ അമീര്‍ ചൂണ്ടിക്കാട്ടുന്നു.