മുംബൈ: ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ പ്രയദര്‍ശന്റെ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതാ ബോളിവുഡിലെ മൂന്നാമത്തെ ഖാന്‍ കൂടി പ്രിയന്റെ ചിത്രത്തില്‍ നായകനാകുന്നു. സംശയിക്കേണ്ട അമീര്‍ ഖാന്‍ തന്നെ. എയ്ഡ്‌സ് പ്രമേയമാക്കി പ്രിയദര്‍ശനൊരുക്കുന്ന സിനിമയില്‍ അമീര്‍ ഖാന്‍ നായകനാകുന്നു.

‘ഞാന്‍ അമീറിനെ കണ്ടു. കഥ പറഞ്ഞു. അദ്ദേഹത്തിന് കഥയിഷ്ടപ്പെട്ടു. ഇനി തിരക്കഥ പൂര്‍ത്തിയാക്കി നല്‍കണം.’ പ്രിയദര്‍ശന്‍ പറയുന്നു. സാധാരണ ബോളിവുഡ് ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായ ഈ ചിത്രത്തില്‍ പാട്ടുകളില്ല, സിനിമയുടെ വാണിജ്യ ഘടകങ്ങളൊന്നുമില്ല. അമീര്‍ തന്നെ ഈ ചിത്രം നിര്‍മ്മിക്കുമെന്നാണ് സൂചന.

പ്രിയന്റെ പുതിയ ചിത്രം ‘തേസ്’ പൂര്‍ത്തിയായിക്കൊണ്ടിരക്കുകയാണ്. മോഹന്‍ലാലാണ് തേസിലെ നായകന്‍. കൂടാതെ ഒട്ടകവും മാധവന്‍നായരും എന്ന മലയാള സിനിമയുടെ തിരക്കിലാണ് പ്രിയനിപ്പോള്‍. ഈ രണ്ട് ചിത്രങ്ങളും പൂര്‍ത്തിയായ ഉടനെ പുതിയ ചിത്രത്തിന്റെ പണികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.