എഡിറ്റര്‍
എഡിറ്റര്‍
തിരിച്ചുവരവിനായി ആമിര്‍ ഒരുങ്ങുന്നു
എഡിറ്റര്‍
Thursday 6th September 2012 11:40am

ഒത്തുകളി വിവാദത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും പുറത്തിരിക്കേണ്ടി വന്ന ക്രിക്കറ്റര്‍ മുഹമ്മദ് ആമിര്‍ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. 2010ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഒത്തുകളിച്ചതിന് അഞ്ച് വര്‍ഷത്തെ വിലക്കാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ആമിറിന് നല്‍കിയത്.

Ads By Google

2015 ല്‍ ക്രിക്കറ്റ് ലോകത്തേക്ക് തിരിച്ചെത്തി വീണ്ടും കളിക്കളത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം. പാക്കിസ്ഥാനിലെ ജിയോ സൂപ്പര്‍ ചാനലിനനുവദിച്ച അഭിമുഖത്തിലാണ് കളത്തിലേക്ക് മടങ്ങിവരാനുള്ള സന്നദ്ധത താരം അറിയിച്ചത്.

താനുംകൂടി ഭാഗമാവേണ്ടിയിരുന്ന പാക്കിസ്ഥാന്‍ ടീമിന്റെ വിവിധ മത്സരങ്ങള്‍ ഇപ്പോള്‍ ടെലിവിഷനില്‍ കാണുമ്പോള്‍ വിങ്ങിപ്പൊട്ടുകയാണെന്ന് പറഞ്ഞ അമീര്‍ തനിയ്ക്ക് പാക്കിസ്ഥാന് വേണ്ടി ഇനിയും കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്യുന്നു.

‘എന്ത് സംഭവിക്കുമെന്ന് അറിയില്ല. പക്ഷേ, 2015ഓടെ ദേശീയ ടീമില്‍ തിരിച്ചെത്തുകയാണ് എന്റെ ലക്ഷ്യം. ഇപ്പോള്‍ സ്വന്തം വീട്ടിലെ നെറ്റ്‌സില്‍ പരിശീലിക്കുന്നു. ദിവസേന ജിംനേഷ്യത്തിലും പോകുന്നു.’ ആമിര്‍ പറഞ്ഞു.

ഒത്തുകളിയെത്തുടര്‍ന്ന് ലഭിച്ച പണം ഉപയോഗിച്ചാണ് സമ്പന്നനായതെന്നും വീടും കാറും വാങ്ങിയതെന്നുമുള്ള ആരോപണം ആമിര്‍ നിഷേധിച്ചു.  2009 ട്വന്റി-20 ലോകകപ്പില്‍ പാക്കിസ്ഥാന്‍ ചാമ്പ്യന്മാരായപ്പോള്‍ ലഭിച്ച സമ്മാന തുകയില്‍നിന്നാണ് വീടും കാറും വാങ്ങിയത്.

പരസ്യത്തിലൂടെയും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും പിന്നെയും പണം ലഭിച്ചു. അങ്ങനെയാണ് വീട് വെച്ചത്, അല്ലാതെ അതിന് പിന്നില്‍ മറ്റ് സ്‌ത്രോതസുകളൊന്നുമില്ല-ആമിര്‍ പറഞ്ഞു.

ഒത്തുകളിയെ തുടര്‍ന്ന് ബ്രിട്ടനില്‍ തടവിലായിരുന്ന ആമിര്‍ അടുത്തിടെയാണ് ശിക്ഷാ കാലാവധി കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയത്.

Advertisement