വാഷിങ്ടണ്‍: മുംബൈയില്‍ 2008 ല്‍ ലഷ്‌കര്‍ ഇ തൊയ്ബ നടത്തിയ തീവ്രവാദി ആക്രമണം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ആണവയുദ്ധം വരെയുണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നുവെന്ന് മുന്‍ യു.എസ്. അംബാസഡര്‍ തിമോത്തി റോമര്‍. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കാന്‍ റോമര്‍ വിസമ്മതിച്ചു.

‘രണ്ട് വര്‍ഷം മുമ്പ് മുംബൈയിലുണ്ടായ ആ ആക്രമണങ്ങളില്‍ 177പേര്‍ കൊല്ലപ്പെട്ടിരുന്നു. ആറ് അമേരിക്കക്കാരും മരിച്ചവരില്‍പെടുന്നു. ഇത് ഇന്ത്യയ്ക്കും പാക്കിസ്ഥാനും തമ്മിലുള്ള ആണവയുദ്ധത്തിന്റെ വക്കിലെത്തിയിരുന്നു- റോമര്‍ പറഞ്ഞു.

9/11 ഭീകരാക്രണത്തിന്റെ അന്വേഷണ ചുമതലയുള്ള ദേശീയ കമ്മീഷനില്‍ അംഗമാണ് അമേരിക്കയുടെ മുന്‍ ഇന്ത്യന്‍ അംബാസിഡറായിരുന്ന തിമോത്തി റോമര്‍. ദേശീയ സുരക്ഷയ്ക്ക് കമ്മീഷന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടോ എന്ന് പിരശോധിക്കാനായി ബുധനാഴ്ച വാഷിംങ്ടണില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് റോമര്‍ ഇക്കാര്യം പറഞ്ഞത്.