തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മുസ്‌ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെ വിവാദമാകുന്നു. കൊച്ചി ആസ്ഥാനമായ ഏജന്‍സി നടത്തിയ സര്‍വ്വെക്ക് അമേരിക്കന്‍ ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ഫോര്‍ട്ട് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞമാസം രണ്ടിന് നഗരത്തിലെ കരിമഠം കോളനി കേന്ദ്രീകരിച്ചാണ് സര്‍വ്വെ നടന്നത്. സര്‍വ്വെയില്‍ മുസ്‌ലിംവിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. കൊച്ചി ആസ്ഥാനമായ ടി.എന്‍. എസ് (ടെയ്‌ലര്‍ നീല്‍സണ്‍ സോഫര്‍) എന്ന കമ്പനിയുടെ പേരിലാണ് സര്‍വ്വെ നടത്തിയത്. മൂന്ന് യുവതികളാണ് സര്‍വ്വെക്കെത്തിയത്. സംശയംതോന്നിയ നാട്ടുകാര്‍ വിവരമറിയിച്ചതോടെയാണ് ഫോര്‍ട്ട് പൊലീസ് എത്തി യുവതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രിയോടും ദേശീയ സര്‍ക്കാരിനോടും ഇന്ത്യന്‍ സൈന്യത്തോടുമുള്ള അനുകൂല മനോഭാവം അറിയുന്ന തരത്തിലുള്ള ചോദ്യങ്ങളോടെയാണു സര്‍വേ ആരംഭിക്കുന്നത്. ദേശീയ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ മുസ്‌ലിം സംസ്‌കാരത്തിനു വിരുദ്ധമാണെന്ന അഭിപ്രായത്തോടുള്ള നിലപാട്, തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം, ഒരു മുസ്‌ലിം രാജ്യത്തിന് ഏറ്റവും യോജിച്ച രീതിയിലുള്ള നിയമനിര്‍മാണ സഭ തുടങ്ങിയതായിരുന്നു ചോദ്യങ്ങള്‍.

പാശ്ചാത്യ സാമ്പത്തിക, ബിസിനസ് രീതികളോടുള്ള നിലപാട്, അമേരിക്കയോടും ഇസ്രായേലിനോടുമുള്ള നിലപാട് എന്നിവ മുസ്‌ലിംകളോടു മാത്രമായുള്ള ചോദ്യങ്ങളാണ്. ശരീഅത്തിനെക്കുറിച്ച് എന്തു മനസ്സിലാക്കിയിരിക്കുന്നുവെന്നും ചോദിക്കുന്നുണ്ട്. ഹിസ്ബുല്ലാ നേതാവ് ഹസന്‍ നസ്‌റുല്ല, അഹ്മദി നജാദ്, അയ്മന്‍ അല്‍സവാഹിരി, ഉസാമാ ബിന്‍ലാദിന്‍, അല്‍ഖാഇദ, ജമാഅത്തെ ഇസ്‌ലാമി, ലശ്കറെ ത്വയ്യിബ തുടങ്ങിയവയോട് നിലപാട് അന്വേഷിക്കുന്ന സര്‍വ്വെ മുസ്‌ലിം സ്ത്രീകളോട് തട്ടം, പര്‍ദ എന്നിവ ധരിക്കാറുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. സര്‍വേയില്‍ പങ്കെടുക്കുന്നവരുടെ രാഷ്ട്രീയ നിലപാട് അറിയാനും ചോദ്യങ്ങളുണ്ട്.

അമേരിക്കന്‍ ഏജന്‍സിയായ പ്രിന്‍സ്റ്റണ്‍ സര്‍വേ റിസര്‍ച്ച് അസോസിയേറ്റ് ഇന്റര്‍നാഷനലിനുവേണ്ടി ടി.എന്‍.എസ് ഇന്ത്യ എന്ന മാര്‍ക്കറ്റിങ് ഏജന്‍സിയാണു സര്‍വേ സംഘടിപ്പിച്ചത്.