യാന്‍ബു: മലയാളിയായ ഡോ: അഹ്മദ്‌യാസിറിന്റെ നേത്യത്വത്തില്‍ വികസിപ്പിച്ചെടുത്ത ടൈറ്റാനിയം ടെട്രാക്ലോറയ്ഡില്‍നിന്നും ടൈറ്റാനിയം ഡയോക്‌സൈഡ് നാനോകണികകള്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള നൂതന സാങ്കേതികവിദ്യക്ക് അമേരിക്കന്‍ പാറ്റന്റ് ലഭിച്ചു. ശാസ്ത്രലോകം ഇന്ന് ഏറെചര്‍ച്ച ചെയ്യുന്നതും അനന്തസാധ്യതകളുമുള്ള നാനോ ടെക്‌നോളജിയില്‍ പുതിയ ഒരു കാല്‍വെയ്പായാണ് സൗദിഅറേബ്യയിലെ യാന്‍ബുവിലുള്ള ക്രിസ്റ്റല്‍ ഗ്ലോബല്‍ കമ്പനി ഈ അന്താരാഷ്ട്ര അംഗീകാരത്തെ കാണുന്നത്.

സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ്കിരണങ്ങളെ ആഗിരണം ചെയ്യുവാനും അതോടൊപ്പം വിസിബിള്‍ ലൈറ്റിനെ കടത്തിവിടാനുമുള്ള ടൈറ്റാനിയം ഡയോക്‌സൈഡ് നാനോ കണികകളുടെ അസാധാരണമായ കഴിവിനെ ആധുനികശാസ്ത്രം വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍നടക്കുന്ന രാസപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുവാനും ചില പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടേയും ഗ്ലാസ്സിന്റേയും സുതാര്യത നിലനിര്‍ത്തിക്കൊണ്ട് തന്നെ അത്യുഷ്ണം താങ്ങാനും ബലവും ഈടും നല്‍കാനും ഇതിന് കഴിയും. ‘സ്വയം അഴുക്കിനെ നീക്കുന്ന’ ഗ്ലാസ്സിലും പെയ്ന്റിലും ഇതു ഉപയോഗിക്കാം. കോസ്‌മെറ്റിക് ക്രീമുകളിലും ജെല്ലികളിലും മറ്റ് ഹെല്‍ത്ത് കെയര്‍ ഉല്‍പ്പന്നങ്ങളിലും ഇതിന് സാധ്യതകളേറെയുണ്ട്.

മലപ്പുറം ജില്ലയിലെ അരീക്കോട്ടുകാരനായ ഡോക്ടര്‍ അഹമ്മദ് യാസിര്‍ വകയില്‍ ക്രിസ്റ്റല്‍ ഗ്ലോബല്‍ കമ്പനി യന്‍ബു പ്ലാന്റില്‍ ഗവേഷണ വിഭാഗത്തില്‍ സീനിയര്‍ ശാസ്ത്രജ്ഞനാണ്. ഇതു രണ്ടാം തവണയാണ് അദ്ദേഹത്തിനു അമേരിക്കന്‍ പാറ്റന്റ് ലഭിക്കുന്നത്. കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദവും കൊച്ഛിന്‍ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റും ലഭിച്ഛ അദ്ദേഹത്തിന്റെ ശാസ്ത്രീയ ലേഘനങ്ങള്‍ ഇരുപതിലതികം അന്താരാഷ്ട്ട്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.