ന്യൂദല്‍ഹി: അമേരിക്കന്‍ സര്‍ക്കാര്‍ വിസ നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നു. ഇതിന്റെ ഭാഗമായി പണമടക്കുന്നതിനും വിസ മന്ത്രാലയവുമായി അപേക്ഷകര്‍ക്ക് നേരിട്ട് സംവദിക്കുന്നതിനും പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരാനും തീരുമാനിച്ചു.

Ads By Google

വിസ അപേക്ഷകര്‍ക്ക് വരുന്ന സെപ്റ്റംബര്‍ 26 മുതല്‍ മൊബൈല്‍ ഫോണ്‍ ഇലക്ട്രോണിക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ തുടങ്ങിയ നൂതന മാര്‍ഗങ്ങളിലൂടെ അപേക്ഷ തുക അടക്കാനുള്ള സൗകര്യം ലഭ്യമാകുമെന്ന് അമേരിക്കയുടെ വിദേശകാര്യ വകുപ്പ് പ്രതിനിധി മന്ത്രി ജൂലിയ സ്റ്റാന്‍ലി പറഞ്ഞു. കൂടാതെ ആക്‌സിസ് ബാങ്കിന്റെ 1800 ഓളം ശാഖകളിലൂടെയും പണമടക്കാനുള്ള സൗകര്യം ലഭിക്കും.

ഫലപ്രദമായും സാധ്യമായ രീതിയിലും നിലവിലുള്ള വിസ നടപടിക്രമങ്ങള്‍ ലഘൂകരിച്ച് വന്‍തോതിലുള്ള വിസ അപേക്ഷകള്‍ പരിഹരിക്കുക എന്നത് തങ്ങളുടെ ലക്ഷ്യമാണ്. ഇതിനായി ചരിത്രത്തിലാദ്യമായി ഫോണിലൂടെ അപേക്ഷകള്‍ രേഖപ്പെടുത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും സ്റ്റാന്‍ലി പറഞ്ഞു.

അപേക്ഷകര്‍ക്ക് അവരുടെ അപ്പോയിന്‍മെന്റുകളുടെ സമയം ഓണ്‍ലൈന്‍ വഴി രേഖപ്പെടുത്താനും ഫോണുകളിലൂടെ വിസാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ക്രമപ്പെടുത്താനും അവസരമുണ്ടാകും. ഫോണുവഴി ബന്ധപ്പെടുമ്പോള്‍ ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബ്, ഗുജറാത്തി, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ സംസാരിക്കാനുള്ള സൗകര്യവും അപേക്ഷകന് ലഭിക്കും.

പുതിയ നടപടികള്‍ പ്രകാരം അപേക്ഷകര്‍ രണ്ടുതവണ വിസ മന്ത്രാലയവുമായി ബന്ധപ്പെടേണ്ടതുണ്ട്. കൈവിരലടയാളം രേഖപ്പെടുത്തുന്നതിനും മന്ത്രാലയവുമായി നേരിട്ട് സംസാരിക്കുന്നതിനുമായിരിക്കും ഇത്.