എഡിറ്റര്‍
എഡിറ്റര്‍
പാര്‍ലമെന്റില്‍ പ്രതിഷേധം: ‘കാളി മാ’ ബിയറിന്റെ പേര് മാറ്റാമെന്ന് അമേരിക്കന്‍ കമ്പനി
എഡിറ്റര്‍
Wednesday 16th May 2012 2:18pm

വാഷിംഗ്ടണ്‍: ഹിന്ദുദേവി കാളിയുടെ പേരില്‍ മദ്യം പുറത്തിറക്കിയ അമേരിക്കന്‍ കമ്പനി മാപ്പു പറഞ്ഞു. ഇന്ത്യന്‍ പാര്‍ലമെന്റിലടക്കമുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ‘കാളി മാ’യെന്ന മദ്യത്തിന്റെ പേരുമാറ്റാനും തീരുമാനിച്ചതായി കമ്പനി അറിയിച്ചു.

ഇതേ തുടര്‍ന്ന് ഇന്ന് പുറത്തിറക്കാനിരുന്ന ‘കാളി മാ’യെന്ന ബിയറിന്റെ ഉദ്ഘാടന കര്‍മം പുതിയൊരു പേര് കണ്ടെത്തുന്നതുവരെ നീട്ടിവയ്ക്കാനും തീരുമാനിച്ചു.

പ്രമുഖ അമേരിക്കന്‍ മദ്യക്കമ്പനിയായ ബേണ്‍സൈഡ് ബ്രുവിംഗാണ് ‘കാളി മാ’യെന്ന പേരില്‍ ബിയര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ ഹൈന്ദവര്‍ ആരാധിക്കുന്ന കാളിയുടെ പേരില്‍ മദ്യമിറക്കുന്നത് വഴി ഇന്ത്യക്കാരെ അപമാനിക്കുകയും ഹൈന്ദവവികാരം മുറിവേല്‍പ്പിക്കുകയുമാണ് കമ്പനി ചെയ്യുന്നതെന്ന് പാര്‍ലമെന്റില്‍ ആക്ഷേപമുയര്‍ന്നിരുന്നു. വിഷയത്തില്‍ അമേരിക്കന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ക്ഷമാപണം ആവശ്യപ്പെടണമെന്ന് ബി.ജെ.പി മെമ്പര്‍ രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ബിയറിന്റെ പേര് മാറ്റാന്‍ തടിയൂരാന്‍ കമ്പനി തീരുമാനിച്ചത്.

‘ ഹിന്ദുമതവിഭാഗങ്ങളുടെ അപേക്ഷ പരിഗണിച്ച് ഇന്ത്യന്‍ സുഗന്ധദ്രവ്യങ്ങളുടെ മണമുള്ള ഞങ്ങളുടെ ബിയര്‍ കാളി മായുടെ റിലീസ് നീട്ടിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നു.’ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ കമ്പനി പറഞ്ഞു.

‘ ഒരു മതവിഭാഗത്തിന്റെയും വികാരങ്ങളെ മുറിവേല്‍പ്പിക്കുകയെന്നത് തങ്ങളുടെ ലക്ഷ്യമല്ല. ഇന്ത്യാന ജോണ്‍സ് സീരിസിലെ ഒരു സിനിമയാണ് ബിയറിന് ഈ പേരിടാന്‍ പ്രചോദനമായത്.  ഇത് ആര്‍ക്കെങ്കിലും വേദനയുണ്ടാക്കുമെന്നത് ഞങ്ങള്‍ക്കറിയില്ലായിരുന്നു’

‘ ഈ ബിയറിന്റെ പേര് മാറ്റി എത്രയും പെട്ടെന്ന് പുറത്തിറക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഞങ്ങളുടെ വരവ് കാത്തിരിക്കുന്നവര്‍ കുറച്ചുകൂടി ക്ഷണിക്കണമെന്നാണ് പറയാനുള്ളത്. ആരെയെങ്കിലും ഞങ്ങള്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായി ക്ഷമചോദിക്കുന്നു’ പോസ്റ്റില്‍ പറയുന്നു.

Advertisement