വാഷിങ്ടണ്‍:  ലഷ്‌കര്‍ ഇ ത്വയ്ബയുടെ വര്‍ധിച്ചുവരുന്ന ഭീഷണിക്കെതിരെ കരുതലോടെയിരിക്കാന്‍ അമേരിക്ക പാക്കിസ്ഥാന്‌ മുന്നറിയിപ്പ് നല്‍കി. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തയാറാക്കിയ ഭീകരസംഘടനകളെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ട് വിശദീകരിക്കവെയാണ് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ കോ ഓര്‍ഡിനേറ്റര്‍ ഡാനിയേല്‍ ബെഞ്ചമിന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Ads By Google

ലോകത്തെ ഏറ്റവും വലിയ ഭീകരസംഘടനയായി ലഷ്‌കര്‍ ഇ ത്വയ്ബ മാറിക്കൊണ്ടിരിക്കുകയാണ്. അവരുടെ മുന്നറിയിപ്പുകളെ അവഗണിക്കാതെ തന്നെ അവര്‍ക്കെതിരെയുള്ള പദ്ധതികള്‍ നടപ്പിലാക്കുകയാണ് വേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍  ലഷ്‌കര്‍ ഇ ത്വയ്ബയുടെ ലിസ്റ്റില്‍ ഉണ്ടെന്നും പ്രതീക്ഷിക്കാത്ത നേരത്ത്‌ ആക്രമിക്കുന്ന അവരുടെ ശൈലിയ്‌ക്കെതിരെ രാജ്യമൊട്ടാകെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നു.

2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഭീഷണി വര്‍ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കാശ്മീരിലെ ആക്രമണങ്ങളെക്കുറിച്ചും നിയന്ത്രണരേഖയിലെ പാക്കിസ്ഥാന്റെ കടന്നാക്രമണത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇന്ത്യ രാജ്യാന്തര തലത്തില്‍ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു.

തീവ്രവാദ ആക്രമണം മൂലം 2010ല്‍ ഉണ്ടായതിനേക്കാള്‍ ഈ വര്‍ഷം മരണം കുറവാണെങ്കിലും 1000 പേരിലധികം മരിച്ചത് ഭീകരാക്രമണത്തിലാണ്‌. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചവരുടെ രാജ്യമായി ഇന്ത്യ മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.