വാഷിങ്ടണ്‍: ഇറാനില്‍ കഴിഞ്ഞയാഴ്ച തകര്‍ന്നുവീണ പൈലറ്റില്ലാ നിരീക്ഷണ വിമാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ അമേരിക്ക ഉപേക്ഷിക്കുന്നു.  വിമാനം വീണ്ടെടുക്കാനുള്ള ശ്രമം ഇറാനെ പ്രകോപിപ്പിക്കും എന്നതിനാലാണ് അത് ഉപേക്ഷിച്ചതെന്ന് അമേരിക്ക പറഞ്ഞു.  ഇതാദ്യമായാണ് അമേരിക്കയ്ക്ക് അവരുടെ പൈലറ്റില്ലാ യുദ്ധവിമാനം നഷ്ടമാവുന്നത്. ഇറാന് ഈ വിമാനം ലഭ്യമായതിനാല്‍ അവര്‍ക്ക് അതിന്റെ സാങ്കേതിക വിദ്യ മനസ്സിലാക്കാന്‍ കഴിയുമെന്നതിലാണ് അമേരിക്കയുടെ ദുഃഖമെന്ന് നാവിക ക്യാപ്റ്റന്‍ ജോണ്‍ കിര്‍ബി പറഞ്ഞു.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാനായി ഇറാനിലേക്ക് പ്രത്യേക സംഘത്തെ അയയ്ക്കുന്ന കാര്യം അമേരിക്ക പരിഗണിച്ചിരുന്നു. എന്നാല്‍ ഇത് ഇറാന്‍ അറിഞ്ഞാലുണ്ടാകാവുന്ന  അപകടം മനസ്സിലാക്കി ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അമേരിക്കയുടെ പൈലറ്റില്ലാ

യുദ്ധവിമാനമായ ആര്‍ക്യൂ 170 സെന്റിനല്‍ ഒരു പറക്കുന്ന ചിറകുപോലെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റഡാറില്‍ ഈ വിമാനം ദൃശ്യമാകാന്‍ പ്രയാസമാണ്.

റഡാറുകളുടെ കണ്ണില്‍പ്പെടാതെ നിരീക്ഷണം നടത്താന്‍ കഴിവുള്ള അമേരിക്കയുടെ പൈലറ്റില്ലാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇറാനില്‍ ഉള്ളത് സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്നാണ് അമേരിക്ക കരുതുന്നത്. വ്യോമാക്രമണം നടത്തി വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ തകര്‍ക്കാനും രഹസ്യമായി ഇറാനില്‍ കടന്ന് അവശിഷ്ടങ്ങള്‍ സ്‌ഫോടനംവഴി തകര്‍ക്കാനും അമേരിക്ക ആലോചിച്ചിരുന്നെങ്കിലും ആ ശ്രമങ്ങള്‍ അമേരിക്ക ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍