വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അവതരിപ്പിച്ച ആരോഗ്യ സംരക്ഷണ പരിഷ്‌ക്കരണ ബില്‍ പാസായി. അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ 219 പേര്‍ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തു.

ആരോഗ്യ സംരക്ഷണത്തിനായുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ എല്ലാ അമേരിക്കന്‍ പൗരന്മാര്‍ക്കും ലഭ്യമാക്കുന്ന ബില്ലാണ് ഇത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു കൂടി മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സമ്പന്നര്‍ കൂടുതല്‍ നികുതി നല്‍കണം. പാവപ്പെട്ടവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ് ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ സബ്‌സീഡി നല്‍കും തുടങ്ങിയ വ്യവസ്ഥകളാണ് ബില്ല് മുന്നോട്ട് വെക്കുന്നത്.

ഗര്‍ഭഛിദ്രത്തിന് ഫണ്ട് അനുവദിക്കുന്നതില്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന ബില്‍ ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലാണ് പാസായത്. റിപ്പബ്ലിക്കന്‍ അംഗങ്ങളോടൊപ്പം 34 ഡമോക്രാറ്റിക് അംഗങ്ങളും ബില്ലിനെ എതിര്‍ത്തു. പുതിയ ബില്‍ ആരോഗ്യമേഖലയിലെ സ്വകാര്യ പങ്കാളിത്തം ഇല്ലാതാക്കുമെന്നും കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്നുമാണ് എതിര്‍ക്കുന്നവരുടെ പ്രധാന വാദങ്ങള്‍.