എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കന്‍ താത്പര്യം സംരക്ഷിച്ച് അഫ്ഗാന്റെ സുരക്ഷാ ഉടമ്പടി കരാര്‍
എഡിറ്റര്‍
Thursday 21st November 2013 6:17am

afgan-people

അഫ്ഗാനിസ്ഥാന്‍: അമേരിക്കയും അഫ്ഗാനിസ്ഥാനും ഉഭയകക്ഷി പ്രകാരമുള്ള സുരക്ഷാ ഉടമ്പടി കരാറില്‍ അടുത്തയാഴ്ച ഒപ്പുവെക്കും.

പൂര്‍ണമായും അമേരിക്കയുടെ താത്പര്യം സംരക്ഷിക്കുന്ന ഉടമ്പടിയാണ് അഫ്ഗാന്‍ വിദേശമന്ത്രാലയം തയാറാക്കിയിരിക്കുന്നത്.

സുരക്ഷാ ഉടമ്പടിക്ക് അന്തിമ രൂപം നല്‍കാന്‍ അഫ്ഗാനിസ്ഥാനില്‍ പരമ്പരാഗത ഗോത്രസഭ ലോയ ജിര്‍ഗയും ചേര്‍ന്നിട്ടുണ്ട്.

അതേസമയം അഫ്ഗാനിലെ വീടുകളില്‍ അമേരിക്കന്‍ സൈന്യം നടത്തുന്ന രാത്രികാല റെയ്ഡില്‍ അമേരിക്ക ഖേദപ്രകടനം നടത്തണമെന്ന് അഫ്ഗാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പില്‍ അമേരിക്കയുടെ ഇത്തരം റെയ്ഡുകള്‍ നിര്‍ത്തിവെക്കാനുള്ള നടപടിയില്‍ വീഴ്ച പറ്റിയതായി വ്യക്തമാക്കുന്നുണ്ട്.

ഇതിന് പ്രധാന തടസമായി നില്‍ക്കുന്നത് ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള സമാധാന കരാറാണ്.

അതേസമയം അപൂര്‍വമായ സാഹചര്യം ഉണ്ടായാല്‍ മാത്രമേ അഫ്ഗാനില്‍ സുരക്ഷാ ഉദ്യോഗ്സ്ഥരുടെ പ്രത്യേക റെയ്ഡുകള്‍ നടത്തുകയുള്ളൂ എന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കര്‍സായിയെ അറിയിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം ആദ്യത്തോടെ അഫ്ഗാനില്‍ നിന്നും പൂര്‍ണമായും അമേരിക്കന്‍ സേന പിന്‍മാറുമെന്നാണ് വ്യവസ്ഥ.

അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സേന പിന്‍മാറുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും 8000 മുതല്‍ 12,000 അമേരിക്കന്‍ സേനാംഗങ്ങളെയെങ്കിലും അഫ്ഗാനില്‍ നിലനിര്‍ത്തുമെന്നാണ് അറിയുന്നത്.

അടുത്ത വര്‍ഷം അമേരിക്കന്‍ സൈന്യം പിന്‍മാറിയാലും നിലവിലുള്ള സൈനിക പോസ്റ്റുകള്‍ അവരുടെ തന്നെ നിയന്ത്രണത്തില്‍ തുടരും.

ഉഭയകക്ഷി ധാരണയുണ്ടെങ്കില്‍ സൈനിക പിന്മാറ്റത്തിന് ശേഷവും അഫ്ഗാനില്‍ അമേരിക്കയ്ക്ക് സൈനിക നടപടി സ്വീകരിക്കാം.

അതേസമയം അമേരിക്കന്‍ സൈനിക മേല്‍ക്കോയ്മ നിലനിര്‍ത്താനുള്ള മറ്റൊരു തന്ത്രം മാത്രമാണ് പുതിയ സുരക്ഷാ ഉടമ്പടിയെന്ന വിമര്‍ശമുന്നയിക്കുന്ന താലിബാന്‍ അധിനിവേശ സേന പൂര്‍ണമായും പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement