കൊച്ചി: ചൊവ്വാഴ്ച വൈകുന്നേരം ഫോര്‍ട്ട് കൊച്ചിയിലിരുന്ന് സൂര്യാസ്തമയം കാണുന്ന മത്സ്യത്തൊഴിലാളികള്‍ പ്രതീക്ഷിക്കാത്ത ഒരാളെ അവിടെ കണ്ട് ഞെട്ടി. ഇരിക്കുന്നത് തിയ്യേറ്ററിലാണോ ടിവിക്ക് മുന്നിലാണോയെന്നൊരു സംശയം. കടലോരത്ത് നിര്‍ത്തിയ വെള്ള മെഴ്‌സിഡസ് കാറില്‍ നിന്നും പുറത്തിറങ്ങിയ ബോളിവുഡ് സൂപ്പര്‍താരം അമീര്‍ഖാന്‍!

ബോഡീഗാര്‍ഡുകള്‍ക്കും നേഷണല്‍ ഇന്റഗ്രേഷന്‍ ഡോക്യുമെന്ററി ടീമിനും ഒപ്പമാണ് അമീര്‍ എത്തിയത്. ബീച്ചിലുണ്ടായിരുന്ന എല്ലാവരെയും അഭിവാദ്യം ചെയ്ത അമീര്‍ ചൈനീസ് വലയ്ക്കരികില്‍ നില്‍ക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കരികിലേക്ക് പോയി. കുറച്ചുനേരം ചൈനീസ് വലനോക്കിനിന്നശേഷം അതിനെക്കുറിച്ചായി അമീറിന്റെ ചോദ്യം. ഇതിനിടയില്‍ ഡോക്യുമെന്ററി സംഘം ക്യാമറ തയ്യാറാക്കി ചിത്രീകരണവും തുടങ്ങി.

500 വര്‍ഷമായി ഇവിടുത്തെ മത്സ്യത്തൊഴിലാളികള്‍ ഈ വല ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ഇപ്പോള്‍ ഇത് ഏറെക്കുറെ ഇവിടെ നിന്നും അപ്രത്യക്ഷമാവുകയാണ്. വലയുടെ അറ്റകുറ്റപ്പണികള്‍ക്കായുള്ള വന്‍ചിലവും മറ്റും ഈ വലകള്‍ ഉപേക്ഷിക്കാന്‍ തൊഴിലാളികളെ നിര്‍ബന്ധിതരാക്കുകയാണ്.

ഇന്‍ക്രഡിബിള്‍ ഇന്ത്യ ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ ഭാഗമായാണ് അമീര്‍ കേരളത്തിലെത്തിയത്. തിങ്കളാഴ്ച ആലപ്പുഴ മാരാരിക്കുളത്തെ ചെത്തി കടപ്പുറത്തെത്തിയ അമീര്‍ മലയാളത്തില്‍ അഭിനയിക്കാനുള്ള മോഹം മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെച്ചു.

അവസരം ലഭിച്ചാല്‍ മലയാള സിനിമയില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്ന് അമീര്‍ അറിയിച്ചു. മലയാള സിനിമാ ലോകത്തെ വാനോളം പുകഴ്ത്തിയ അമീര്‍, മോളിവുഡിന് മികച്ച നിലവാരമാണ് ഉള്ളതെന്നും മലയാള സിനിമകളുടെ പ്രശസ്തി അന്യസംസ്ഥാനങ്ങളില്‍ എത്തിക്കുന്നതില്‍ ഇവിടത്തെ സൂപ്പര്‍ താരങ്ങള്‍ സുപ്രധാനമായ പങ്കാണ് വഹിക്കുന്നതെന്നും പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലെ ജീവിത വ്യവസ്ഥിതികളെ വരച്ചു കാണിക്കുന്നതാണ് അമീര്‍ ഖാന്‍ തന്നെ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ഈ പരസ്യചിത്രം. ഇതിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുമൊത്ത് അമീര്‍ഖാന്‍ ക്രിക്കറ്റ് കളിക്കുന്ന രംഗമാണ് മാരാരിക്കുളത്ത് ചിത്രീകരിച്ചത്.

Malayalam News

Kerala News In English