പോംപേ: കംബോഡിയയുടെ തലസ്ഥാനമായ പോംപേയില്‍ തിക്കിലുംതിരക്കിലുംപെട്ട് 380 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു.

കംബോഡിയയിലെ പ്രധാന ആഘോഷങ്ങളിലൊന്നായ വാട്ടര്‍ ഫെസ്റ്റിവലി(ജലമാമാങ്കം)നെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ആഘോഷത്തിനായി ഒരു ചെറിയ ഉപദ്വീപില്‍ തടിച്ചുകൂടിയവരാണ് അപകടത്തില്‍പ്പെട്ടതെന്നു കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍സെന്‍ പറഞ്ഞു.

അപകടസ്ഥലത്തെ പാലത്തില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണ്. ഒരു പാലത്തില്‍ തിങ്ങിക്കൂടിയ ആളുകളാണ് അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും. തിരക്കില്‍പ്പെട്ട ഏതാനും പേര്‍ ബോധരഹിതരായതോടെയാണ് ആളുകള്‍ പരിഭ്രാന്തരായത്. ഇതേത്തുടര്‍ന്ന് തിരക്കില്‍ നിന്നു രക്ഷപെടാനുള്ള ശ്രമം ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു.

ബോണ്‍ ഓം ടുക്ക് ജലോത്സവം എല്ലാ വര്‍ഷവും നവംബറില്‍ മൂന്നു ദിവസത്തേക്ക് നടക്കാറുണ്ട്. അവസാനദിവസത്തെ വള്ളം കളി കാണാന്‍ ലക്ഷക്കണക്കിന് ആളുകളാണ് എത്താറുള്ളത്. ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണ കേന്ദ്രമായ ഡയമണ്ട് ദ്വീപിലാണ് പ്രദര്‍ശന മേളകളും വിനോദകേന്ദ്രങ്ങളും ഭക്ഷണശാലകളുമെല്ലാം ഒരുക്കിയിട്ടുള്ളത്.