എഡിറ്റര്‍
എഡിറ്റര്‍
അംബേദ്കര്‍ ചിന്തകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം അറബ് വത്കരണത്തിന്റെ ഗുണം മോദിയ്ക്ക്‌ : ആര്‍.ബി. ശ്രീകുമാര്‍
എഡിറ്റര്‍
Wednesday 1st February 2017 11:52pm

rb
കോഴിക്കോട്: അംബേദ്കര്‍ ചിന്തകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും കേരളത്തിലെ മുസ്ലീംങ്ങളിലെ അറബ് വത്കരണം ഗുണം ചെയ്യുന്നത് മോദിയ്ക്കും സംഘപരിവാര്‍ ശക്തികള്‍ക്കുമാണെന്നും മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായ ജാതീയതയെ മറികടക്കാന്‍ അംബേദ്കറുടെ പ്രശസ്തമായ അനിഹിലേഷന്‍ ഓഫ് കാസ്റ്റ് ഉള്‍പ്പടെയുള്ള ഗ്രന്ഥങ്ങള്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കുള്ള റഫറന്‍സ് പുസ്തകങ്ങളാക്കണമെന്നും അദ്ദേഹം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കോഴിക്കോട് പി.എ.ജി ലക്കത്തിന്റെ നോട്ട് നിരോധനം സര്‍ജിക്കല്‍ സ്‌ട്രൈക്കല്ല കാര്‍ബണ്‍ ബോംബിംഗാണ് എന്ന പുസ്തകത്തിന്റെ പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാണുന്ന അംബേദ്കര്‍ പ്രതിമകളെയെല്ലാം കുമ്പിടുകയാണ് പ്രധാനമന്ത്രി. അതിന് അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അംബേദ്കര്‍ ചിന്തകള്‍ പാഠ്യ പദ്ധതിയുടെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ ആവശ്യം കാണിച്ചു കൊണ്ട് മോദിയ്ക്ക് കത്തയച്ചിട്ടുണ്ടെന്നും ആര്‍.ബി. ശ്രീകുമാര്‍ പറഞ്ഞു.

ഗാന്ധി ചിന്തയും നെഹ്‌റു ചിന്തയും പോലെ പ്രധാനമാണ് അംബേദ്കര്‍ ചിന്തയും. എല്ലാ മേഖലയിലും രാജ്യം തോല്‍ക്കുകയാണ്. ഇതിന് കാരണം ജാതി ചിന്തയിലധിഷ്ടിതമായ ഇന്ത്യന്‍ മനോഭാവമാണ്. സഹോദരന്മാരായ പാകിസ്തനോടൊഴികെ മറ്റെല്ലാ യുദ്ധങ്ങളിലും ഇന്ത്യ പരാജയപ്പെടുകയാണ്. അതിന് കാരണം ജാതിഘടനയില്‍ ഊന്നിയ പട്ടാള സംവിധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Also Read : അമേരിക്കയില്‍ ട്രംപിന്റെ മോദി മോഡല്‍ മന്‍ കി ബാത്ത് ; എട്ടിന്റെ പണിയ്ക്ക് കാത്ത് ലോകം


കേരളത്തില്‍ വിശേഷിച്ചും മലബാറിലെ മുസ്സീംങ്ങളുടെ ഇടയില്‍ നടക്കുന്ന അറബി വത്കരണവും വഹാബി വത്കരണവും മോദിയ്ക്കും സംഘപരിവാര്‍ ശക്തികള്‍ക്കും മാത്രമേ ഉപകരിക്കുന്നുള്ളൂ. തങ്ങളുടെ പൂര്‍വ്വികരാരും അറബ് വത്കരണത്തിന്റെ ഭാഗമായിട്ടില്ലെന്ന് കേരളത്തിലെ മുസ്ലീമുകള്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു വര്‍ഗ്ഗീയത രാജ്യത്തെ തകര്‍ക്കും. എന്നാല്‍ മുസ്സീം വര്‍ഗ്ഗീയത രാജ്യത്തെ തകര്‍ക്കില്ല, പകരം ഹിന്ദു വര്‍ഗ്ഗീയതയെ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മോദി ഭരണം മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ അസാധുവായത് എന്തെല്ലാം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍.ബി. ശ്രീകുമാര്‍.

Advertisement