എഡിറ്റര്‍
എഡിറ്റര്‍
റിലയന്‍സിന് സ്വിസ് ബാങ്കില്‍ 500 കോടിയുടെ കള്ളപ്പണം: കെജ്‌രിവാളിന്റെ പുതിയ വെളിപ്പെടുത്തല്‍
എഡിറ്റര്‍
Friday 9th November 2012 2:30pm

ന്യൂദല്‍ഹി: റിലയന്‍സ് ഗ്രൂപ്പിന് സ്വിസ് ബാങ്കില്‍ 500 കോടിയുടെ നിക്ഷേപമുണ്ടെന്ന ആരോപണവുമായി ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ നേതാവ് അരവിന്ദ് കെജ്‌രിവാള്‍.

സ്വിസ് ബാങ്കില്‍ 700 ഇന്ത്യക്കാര്‍ക്ക് അക്കൗണ്ട് ഉണ്ടെന്നും ഇത് വഴി 6000 കോടിയുടെ കള്ളപ്പണമാണ് സ്വിസ് ബാങ്കിലുള്ളതെന്നും  കെജ്‌രിവാള്‍ ആരോപിക്കുന്നു.

Ads By Google

2011 ല്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്നും ലഭിച്ച രേഖകളില്‍ ഇത് വ്യക്തമാണ്. ഇന്ത്യയിലെ പ്രമുഖ കമ്പനിയായ ഡാബര്‍ ഗ്രൂപ്പിലെ മൂന്ന് അംഗങ്ങള്‍ക്കുമായി 200 കോടിയുടെ കള്ളപ്പണമാണ് സ്വിസ് ബാങ്കില്‍ ഉള്ളത്. സ്വിസ് ബാങ്കില്‍ അക്കൗണ്ട് ഉണ്ടാക്കുക എന്ന ബുദ്ധിമുട്ടേറിയ കാര്യം ചെയ്ത് ഇവരെല്ലാം പണം അവിടെ തന്നെ നിക്ഷേപിക്കുന്നതെന്തിനാണെന്നും കെജ്‌രിവാള്‍ ചോദിച്ചു.

ഇന്ത്യയിലെ 700 സ്വിസ് അക്കൗണ്ട് ഉടമകളില്‍ വെറും 100 പേരുടേത് മാത്രമാണ് റെയ്ഡ് ചെയ്തത്. റിലയന്‍സിന്റേയും ബിര്‍ളയുടേയും ഡാബറിന്റേയും സ്വത്ത് വിവരങ്ങള്‍ക്കായി സര്‍ക്കാര്‍ റെയ്ഡ് നടത്തുന്നില്ല. മുന്‍ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി ഈ 700 അക്കൗണ്ട് ഉടമകള്‍ക്ക് മാപ്പ് നല്‍കിയിരിക്കുകയാണ്.

അംബാനിമാരുടെ വീട് സര്‍ക്കാര്‍ റെയ്ഡ് നടത്താത്തതെന്താണെന്നും അദ്ദേഹം ചോദിക്കുന്നു.

കോണ്‍ഗ്രസ് എം.പി അന്നു ടണ്ടന് സ്വിസ് ബാങ്കില്‍ 125 കോടിയുടെ നിക്ഷേപമുണ്ടെന്നും കെജ്‌രിവാള്‍ ആരോപിക്കുന്നു. അവരുടെ അന്തരിച്ച ഭര്‍ത്താവ് സന്ദീപ് ടണ്ടന്റെ പേരിലും 125 കോടി നിക്ഷേപമുണ്ട്. ജെറ്റ് എയര്‍വെയ്‌സ് ചെയര്‍മാന്‍ നരേഷ് കുമാര്‍ ഗോയലിന്റെ പേരില്‍ 80 കോടിയുടെ നിക്ഷേപമാണ് ഉള്ളത്.

ഐ.ടി വകുപ്പിന്റെ റെയ്ഡുകളില്‍ കുടുങ്ങുന്നത് ചെറിയ മത്സ്യങ്ങളാണെന്നും വലിയ സ്രാവുകള്‍ ഇപ്പോഴും സ്വതന്ത്രരാണെന്നും കെജ്‌രിവാള്‍ പറയുന്നു. 2012 ജനുവരിയില്‍  സ്വിസ് അക്കൗണ്ട് ഉടമകളുടെ ലിസ്റ്റില്‍ മുകേഷ് അംബാനിയെ ഉള്‍പ്പെടുത്തിയതിന് എച്ച്.എസ്.ബി.സി അദ്ദേഹത്തോട് മാപ്പ് ചോദിച്ചെന്നും കെജ്‌രിവാള്‍ ആരോപിക്കുന്നു.

അഴിമതിയും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നതിന് എച്ച്.എസ്.ബി.സി ബാങ്കിനെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ അധികൃതര്‍ക്ക് വിവരങ്ങള്‍ കൈമാറണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

എച്ച്.എസ്.ബി.സിയിലെ ജീവനക്കാര്‍ ജോലി ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement