തിരുവനന്തപുരം: അമ്പത്തലറയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പഠന ക്യാമ്പിനിടെ കൂട്ടത്തല്ല്. കോണ്‍ഗ്രസ് നേതാക്കളായ എം എം ഹസന്‍, തമ്പാനൂര്‍രവി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംഘര്‍ഷം. പഠനക്യാമ്പിനെക്കുറിച്ച് അറിയിച്ചില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. പഠനക്യാംപ് തുടങ്ങിയപ്പോള്‍ തന്നെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് വേദിയിലേക്ക് പ്രകടനമായെത്തി. മണ്ഡലം പ്രസിഡന്റിനെതിരെയായിരുന്നു മുദ്രാവാക്യം. ഇതിനെതിരെ മറുവിഭാഗവും രംഗത്തെത്തി.

പ്രവര്‍ത്തകര്‍ കസേരയെടുത്ത് പരസ്പരം എറിഞ്ഞു. ട്യൂബ് ലൈറ്റ് തല്ലിത്തകര്‍ത്തു. പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. പഠനക്യാംപ് നിര്‍ത്തിവെച്ചിരിക്കയാണ്.