കൊല്‍ക്കത്ത: മുഹറം ദിനത്തില്‍ ദുര്‍ഗാ പൂജ പാടില്ലെന്ന ഉത്തരവ് ന്യൂനപക്ഷ പ്രീണനമാണെന്ന ആരോപണത്തിന് മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇത് പ്രീണനമാണെങ്കില്‍ ജീവനുള്ളിടത്തോളം കാലം ഇതു ചെയ്യുമെന്നാണ് മമതയുടെ പ്രതികരണം.

ദുര്‍ഗ പൂജ അല്ലെങ്കില്‍ ഗണേശോത്സവം ഉദ്ഘാടനം ചെയ്യുമ്പോള്‍ എന്തുകൊണ്ട് പ്രീണന ആരോപണവുമായി ആരും രംഗത്തുവരുന്നില്ലെന്ന് ചോദിച്ചുകൊണ്ടാണ് മമത ഇങ്ങനെ പറഞ്ഞത്. ഈദ് ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മാത്രം ഇവര്‍ ആരോപണവുമായി വരുന്നതെന്താണെന്നും മമത ചോദിക്കുന്നു.

‘ ഇത് പ്രീണനമാണെങ്കില്‍ ജീവനുള്ളിടത്തോളം കാലം ഞാന്‍ ഇതു ചെയ്യും. എന്റെ തലയ്ക്കു നേരെ തോക്കുചൂണ്ടി നിര്‍ത്തി നില്‍ക്കുമ്പോഴും ഞാന്‍ ചെയ്യും. ഞാന്‍ ആരെയും വേര്‍തിരിക്കില്ല. അതാണ് ബംഗാളിന്റെ സംസ്‌കാരം. എന്റെ സംസ്‌കാരം.’ മമത പറഞ്ഞു.


Also Read: മുസ്‌ലിം യുവാവിനൊപ്പം ഇരുന്നതിന് ഹിന്ദുപെണ്‍കുട്ടിയ്ക്ക് ബി.ജെ.പി നേതാവിന്റെ മര്‍ദ്ദനം: പ്രായപൂര്‍ത്തിയായ ഞങ്ങള്‍ പ്രണയത്തിലാണെന്ന് വിളിച്ചുപറഞ്ഞ് പെണ്‍കുട്ടി


മുഹറം ദിവസത്തില്‍ ദുര്‍ഗാ വിഗ്രഹങ്ങള്‍ കടലില്‍ ഒഴുക്കാന്‍ സംഘപരിവാര്‍ തയ്യാറെടുക്കുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു മുഹറം ദിനത്തിലെ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ രംഗത്ത് വന്നത്. മുഹറം ദിനത്തില്‍ വിഗ്രഹങ്ങള്‍ കടലില്‍ ഒഴുക്കാന്‍ പാടില്ലെന്നായിരുന്നു നിര്‍ദേശം. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

സെപ്റ്റംബര്‍ 30 നു വൈകീട്ട് മുതല്‍ ഒക്ടോബര്‍ ഒന്നു വൈകീട്ട് വരെയാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്.
ഇതിനെതിരെ കോടതിയെ സമീപിച്ച വിശ്വ ഹിന്ദു പരിഷത്ത് ആര്‍.എസ്.എസ് തുടങ്ങിയ സംഘടനകള്‍ സര്‍ക്കാര്‍ മുസ്ലിം വോട്ടര്‍മാരെ പ്രീണിപ്പിക്കുന്നതിനുവേണ്ടി ഹിന്ദുക്കളുടെ അവകാശങ്ങളില്‍ ഇടപെടുകയാണെന്ന് ആരോപിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ സര്‍ക്കാരിനോട് ഇരു വിഭാഗത്തിന്റെയും ആഘോഷങ്ങള്‍ ഒരുമിച്ച് നടത്തിക്കൂടെയെന്ന് കോടതി ചോദിച്ചിരുന്നു.

നേരത്തെ വിജയദശമിയോട് അനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ മതകേന്ദ്രകളില്‍ ആയുധ പൂജ നടത്തുമെന്നു വിശ്വ ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചിരുന്നു ഇതിന്നു പിന്നാലെയായിരുന്നു സര്‍ക്കാര്‍ നിലപാട് കടുപിച്ച് രംഗത്തെത്തിയത്. സംഘപരിവാര്‍ സംഘടനകളോട് ദുര്‍ഗാപൂജയുടെ മറവില്‍ തീക്കളി വേണ്ടെന്നും മമത കഴിഞ്ഞദിവസം പറഞ്ഞിരുന്നു.