Administrator
Administrator
വോട്ടിന് കോഴ: അമര്‍സിങ് ജയിലിലേക്ക്
Administrator
Tuesday 6th September 2011 3:51pm

amar singh slams prashant-shanti bhushanന്യൂദല്‍ഹി: വോട്ടിന് കോഴ കേസില്‍ മുഖ്യപ്രതിയായ അമര്‍സിങ്ങിന് ദല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചു. അമര്‍സിങ്ങിനെ ഈ മാസം 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസിലെ മറ്റു പ്രതികളായ സുഹൈല്‍ ഹിന്ദുസ്ഥാനി, ബി.ജെ.പി എം.പി മഹാവീര്‍ ബഗോറ, ഫഗാന്‍ സിംങ് കുലാസ്‌തെ, സഞ്ജീവ് സക്‌സേന എന്നിവരെയും കസ്റ്റഡിയില്‍ വിട്ടു. ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് അമര്‍സിങ്ങിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കോടതി കസ്റ്റഡിയില്‍ വിടുകയായിരുന്നു.

ശാരീരിക അസ്വാസ്ഥ്യങ്ങളുള്ളതിനാല്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് അമര്‍സിംങ്ങിന്റെ അഭിഭാഷകന്‍ കോടതിയോട് അപേക്ഷിച്ചിരുന്നുവെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് 12.30ഓടെയാണ് അമര്‍സിങ് കോടതിയില്‍ ഹാജരായത്.

അമര്‍സിംങ്ങിനെയും സുധേന്ദ്ര കുല്‍ക്കര്‍ണിയെയും അറസ്റ്റ് ചെയ്യാത്തതില്‍ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോയെന്ന് കോടതി ഇവര്‍ക്ക് സമണ്‍സ് നല്‍കിക്കൊണ്ട് പോലീസിനോട് ചോദിച്ചിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലാത്തതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നാണ് പോലീസ് അതിന് മറുപടി നല്‍കിയത്.

വോട്ടിനുകോഴ കേസിലെ മുഖ്യസൂത്രധാരന്‍ അമര്‍സിംങ്ങാണെന്ന് കഴിഞ്ഞയാഴ്ച ദല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. അമര്‍സിംങ്ങിന്റെ ഉടമസ്ഥതിയുള്ള കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ജീപ്പിലാണ് എം.പിമാര്‍ക്ക് നല്‍കാനായുള്ള പണം കൊണ്ടുപോയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൂടാതെ പണം കൈമാറാന്‍ ചുമതലപ്പെടുത്തിയ സജ്ജീവ് സക്‌സേന അമര്‍സിംങ്ങിന്റെ പ്രധാനസഹായിയാണെന്നും കണ്ടെത്തിയിരുന്നു.

ഇടതുപാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് 2008ല്‍ നടന്ന വിശ്വാസവോട്ടില്‍ യു.പി.എ. സര്‍ക്കാര്‍ ബി.ജെ.പി. എം.പി.മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് അമര്‍ സിങ്ങിനെതിരെയുള്ള ആരോപണം.

അമര്‍സിങ്ങിന്റെ സഹായി സഞ്ജീവ്  സക്‌സേന നല്‍കിയതെന്നു പറയുന്ന ഒരു കോടി രൂപ ബി.ജെ.പി. എം.പി.മാരായ അശോക് അര്‍ഗല്‍, മഹാവീര്‍ ബഗോഡ, ഭഗന്‍സിങ് കുലസ്‌തെ എന്നിവര്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച പാര്‍ലമെന്റ് സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം 2009ലാണ് ദല്‍ഹി പോലീസിന് കൈമാറിയത്.

Advertisement