ശ്രീനഗര്‍: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ഭീകരാക്രമണത്തില്‍ നിന്നും തന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് ബസ് ഡ്രൈവവര്‍ സലീം രക്ഷപ്പെടുത്തിയത് 50 പേരുടെ ജീവനും ജീവിതവും. തീവ്രവാദികള്‍ വെടിവെപ്പ് തുടരുന്നതിനിടയിലും ഇവരെ സലീം സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയാണ് സലീം രക്ഷകനായത്. അമര്‍നാഥ് യാത്രയിലായിരുന്ന വാഹനത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആനന്ദ്‌നാഗ്, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള തീര്‍ത്ഥാടകരായിരുന്നു ബസിലുണ്ടായിരുന്നത്.

നടന്ന സംഭവത്തെ കുറിച്ച് സലീമിന്റെ ബന്ധു ജാവേദ് മിസ്ര പറയുന്നത് ഇങ്ങനെയാണ്.’ രാത്രി 9:30 ഓടെയാണ് സലീം വിളിക്കുന്നത്. വണ്ടിക്കു നേരെ വെടിവെപ്പുണ്ടായെന്നും പറഞ്ഞായി. എന്നാല്‍ താന്‍ ബസ് നിര്‍ത്തിയില്ലെന്നും സുരക്ഷിത സ്ഥാനം നോക്കി മുന്നോട്ടെടുത്തെന്നും അവന്‍ പറഞ്ഞു. ഏഴു പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും 50 പേര്‍ സുരക്ഷിതരാണെന്നും അവന്‍ പറഞ്ഞു.’ സലീമിനെ ഓര്‍ത്ത് തനിക്ക് അഭിമാനമുണ്ടെന്നും ജാവേദ് പറഞ്ഞു.

സലീമിന്റെ ധീരതയെ പ്രശംസിക്കുകയും നന്ദി പറയുകയും ചെയ്ത ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി സലീമിന്റെ പേര് ധീരതയ്ക്കുള്ള പുരസ്‌കാരത്തിന് നിര്‍ദ്ദേശിക്കുമെന്നും അറിയിച്ചു.


Also Read:  സിനിമയില്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ നാണക്കേട് ; ഇത്തരക്കാരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ട്‌; ദിലീപിനെതിരെ മമ്മൂട്ടി


ഇന്നലെ രാത്രി എട്ടരയോടെ രണ്ട് പൊലീസ് പോസ്റ്റുകള്‍ക്കു നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു. പിന്നീടാണ് അമര്‍നാഥ് യാത്ര സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ഖാനാബാല്‍ മേഖലയില്‍ വച്ച് വെടിവെപ്പ് നടത്തുന്നത്. ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍-ഇ-തൊയ്ബയാണ്. ദര്‍ശനത്തിന് ശേഷം ബാല്‍താലില്‍ നിന്നും തിരികെ വരുകയായിരുന്ന സംഘത്തിനു നേരെയായിരുന്നു ആക്രമണം.

സംഭവവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് യോഗം വിളിച്ചിട്ടുണ്ട്. എന്‍.എസ്.എയും സുരക്ഷാ ഉദ്യോഗസ്ഥറും ഇന്റലിജന്‍സ് ഏജന്‍സികളും യോഗത്തില്‍ പങ്കെടുക്കും.

സമാധാനപൂര്‍ണമായി തീര്‍ത്ഥയാത്ര നടത്തിയവര്‍ക്ക് നേരെയുണ്ടായ ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വിഷയത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.
അമര്‍നാഥില്‍ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് രഹസ്യന്വേഷ വിഭാഗം പൊലീസിന് ജൂണ്‍ 25ന് വിവരം നല്‍കിയിരുന്നു.